യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; ഭർത്താവ് സെൽജോയെ അറസ്റ്റ് ചെയ്തു

വിദ്യാനഗർ പൊലീസാണ് സെൽജോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കാസർഗോഡ് യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് സെൽജോയെ അറസ്റ്റ് ചെയ്തു.

വിദ്യാനഗർ പൊലീസാണ് സെൽജോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന്ശേഷം മൃതദേഹം തള്ളിയെന്ന് സെൽജോ പറഞ്ഞ തെക്കിൽ പുഴയിൽ ഇന്നും തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയാണ് ഉണ്ടായത്. എങ്കിലും പ്രമീളയെ കൊലപ്പെടുത്തിയെന്ന മൊഴിയിൽ സെൽജോ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.

സെപ്റ്റംബർ 19ന് രാത്രി മുതൽ പ്രമീളയെ കാണാതായെന്ന ഭർത്താവ് സെൽജോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് സെൽജോ. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ കല്ലുകെട്ടി ചാക്ക് കൊണ്ട് പൊതിഞ്ഞ് പുഴയിൽ താഴ്ത്തിയെന്നാണ് സെൽജോ മൊഴി നൽകിയിട്ടുള്ളത്.

11 വർഷം മുൻപ് വിവാഹിതരായ ഇരുവരും കാസർഗോഡ് പന്നിപ്പാറയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സെൽജോ-പ്രമീള ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ പുരോഗമിക്കുകയാണ്.

Back to top button