യു.കെ വിസക്ക്​ ഇനി ചെലവേറും

ലണ്ടൻ: ബ്രക്സിറ്റിന് ശേഷം യു.കെ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ വ്യാഴാഴ്ച മുതൽ നിലവിൽ വരും. ഇന്ത്യ ഉൾപ്പടെ യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് വരുന്നവർക്ക് വിസ നൽകുന്നതിനാണ് യു.കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ടയർ ടു വിസ നൽകുന്നതിനാണ് യു.കെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്ത്യയുൾപ്പടെ രാജ്യങ്ങൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ഇൗ വിസ സംവിധാനമാണ്. ഇന്ത്യയുൾപ്പടെയുള്ള യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ യു.കെയിൽ ജോലിക്കെത്തിക്കുന്ന സ്പോൺസർമാർ ഇനി 1,000 പൗണ്ട് ഇമിഗ്രേഷൻ സ്കിൽസ് ചാർജായി നൽകണം. സന്നദ്ധസംഘടനകളിൽ തൊഴിലെടുക്കുന്നവർക്ക് ഇതിൽ ഇളവുണ്ട്. ഇവർ 364 പൗണ്ട് നൽകിയാൽ മതിയാവും. തൊഴിൽ സ്ഥാപനങ്ങളിൽ കൂടുതൽ യു.കെ പൗരൻമാരെ ഉൾപ്പെടുത്താനുള്ള സർക്കാർ നടപടിയുടെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങൾ.

പുതിയ തീരുമാനം മൂലം യു.കെയിലെ പല സ്ഥാപനങ്ങളും യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ കുറവ് വരുത്താനാണ് സാധ്യത. യു.കെ വിസക്ക് അപേക്ഷിക്കുന്നവർ ക്രിമിനൽ കേസുകൾ നിലവില്ല എന്നതിെൻറ സർട്ടിഫിക്കറ്റ് കൂടി  അപേക്ഷക്കൊപ്പം നൽകണം. ടയർ ടു വിസയുമായി യു.കെയിൽ ജോലിക്കെത്തുന്നവരുടെ മിനിമം ശമ്പളം 25,000 പൗണ്ടിൽ നിന്ന് 30,000 പൗണ്ടായി ഉയർത്തിയിട്ടുണ്ട്

1
Back to top button