രണ്ടിലക്കായി കൈക്കൂലി വാഗ്​ദാനം: ടി.ടി.വി ദിനകരനെതിരെ ക്രൈംബ്രാഞ്ച്​ കേസ്​

ന്യൂഡൽഹി: രണ്ടില ചിഹ്നം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് 1.5 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന പരാതിയിൽ എ.െഎ.എ.ഡി.എം.കെ അമ്മ നേതാവ് ടി.ടി.വി ദിനകരനെതിരെ ഡൽഹി ക്രൈംബ്രാഞ്ച് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു.

തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾക്ക് നൽകാൻ സൂക്ഷിച്ച ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറും മെഴ്സിഡസ് കാറും സഹിതം സെൻട്രൽ ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് ടി.ടി.വി ദിനകരെൻറ അടുത്ത അനുയായി എസ്. ചന്ദ്രശേഖരൻ എന്നയാളെ ഡൽഹി പൊലീസ് പിടികൂടി. രണ്ടില ചിഹ്നം ലഭിക്കാൻ കൈക്കൂലി നൽകാൻ വേണ്ടിയുള്ളതാണ് തുകയെന്ന് ചന്ദ്രശേഖരൻ മൊഴി നൽകി. രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ലഭിക്കുമെന്ന് ഉറപ്പാക്കിയാൽ 50കോടി രൂപ നൽകാമെന്ന് ദിനകരൻ വാഗ്ദാനം ചെയ്തതായും ചന്ദ്രശേഖരൻ പൊലീസിനോട് പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിനകരന് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ടും നൽകി. ശശികലയുടെ അനന്തരവനായ ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ശശികല പക്ഷത്തിെൻറ സ്ഥാനാർഥിയായിരുന്നു.  എന്നാൽ വോട്ടിനു പണമൊഴുകിയതിനെ തുടർന്ന് ആർ.കെ നഗർ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ചെലവഴിക്കാനായി 89.5 കോടി രൂപ ശശികല പക്ഷം മന്ത്രിമാർക്ക് നൽകിയതിെൻറ രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെടുത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

1
Back to top button