റഷ്യയിലെ സ്ഫോടനം; പിന്നിൽ കിർഗിസ്​താൻ സ്വദേശിയെന്ന്​

മോസ്കോ: റഷ്യൻ നഗരത്തിലെ മെട്രോ സ്‌റ്റേഷനിലുണ്ടായ ഇരട്ട സ്ഫോടനത്തിന് പിന്നിൽ 23കാരനായ കിർഗിസ്താൻ സ്വദേശിയെന്ന് റിപ്പോർട്ട്. കിർഗിസ്താൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നിൽ മധ്യേഷ്യക്കാരനാണെന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്ഫോടനം ഭീകരാക്രമണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ടെങ്കിലും വ്യക്തികളോ സംഘടനകളോ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

സംശയമുള്ള രണ്ടുപേർക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമണത്തിനിരയായവർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്ന് ദിവസത്തെ ദു:ഖാചരണത്തിന് സെൻറ്പീറ്റേഴ്‌സ് ബര്‍ഗ് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് സെൻറ്പീറ്റേഴ്‌സ് ബര്‍ഗിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനുകളായ സെന്നായ പ്ലോഷഡ്, ടെക്നോളജിസ്കി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലൂടെ ട്രെയിൻ കടന്നുപോകവെയാണ് ഇരട്ട സ്ഫോടനമുണ്ടായത്. സംഭവത്തിൽ 11 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്ഫോടനം നടന്ന് അൽപസമയത്തിനകം തന്നെ ട്രെയിനിൽനിന്ന് തെറിച്ചുവീണവരുടെ ചിത്രങ്ങളും ആംബുലൻസിനു വേണ്ടി നിലവിളിക്കുന്നവരുടെ വിഡിയോ ദൃശ്യങ്ങളും റഷ്യയിലെ സമൂഹമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

വിവിധ രാജ്യങ്ങളിൽനിന്ന് നിരവധി വിനോദസഞ്ചാരികളെത്തുന്ന സെൻറ് പീറ്റേഴ്സ്ബർഗ് റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രക്കാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

1
Back to top button