സംസ്ഥാനം (State)

ലോക്കപ്പ് മർദ്ദനം നടത്തുന്ന പൊലീസുകാരെ പിരിച്ചുവിടണം ; മനുഷ്യാവകാശ കമ്മീഷൻ

ലോക്കപ്പ് മർദ്ദനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ലോക്കപ്പ് മർദ്ദനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിന് നിർദ്ദേശം നൽകി.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനത്തിന് ശേഷമാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയത്.

ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് ജയിലിൽ ഇല്ലെന്ന് കമ്മീഷൻ കണ്ടെത്തി.

ജയിലിൽ പ്രതിയെ എത്തിക്കുമ്പോൾ ആ സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യ സ്ഥിതിയും പരിക്കുകളും പരിശോധിച്ച് പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ ജയിലിൽ സൂക്ഷിക്കണം.

ജയിൽ ഉദ്യോഗസ്ഥർ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. ഉയർന്ന ഉദ്യോഗസ്ഥർ രജിസ്റ്ററിന്റെ കൃത്യത പരിശോധിച്ച് ഉറപ്പാക്കണം.പ്രതികളെ ജയിലിൽ കൊണ്ടുവരുമ്പോൾ അവരെ ഡോക്ടർ കൃത്യമായി പരിശോധിച്ച് രോഗ വിവരങ്ങളും പരിക്കുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Tags
Back to top button