സംസ്ഥാനം (State)

വട്ടവടയിൽ 27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി പുറത്തെടുത്തു.

പോസ്റ്റുമോർട്ടം നടത്തുന്നതിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

ഇടുക്കി: ദൂരൂഹമരണമെന്ന് ആരോപണം ഉയർന്ന വട്ടവടയിലെ 27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി പുറത്തെടുത്തു. വട്ടവട കോവിലൂരിലെ പൊതുശ്മശാനത്തിലാണ് കുഞ്ഞിനെ സംസ്കരിച്ചിരുന്നത്.

പോസ്റ്റുമോർട്ടം നടത്തുന്നതിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കോവിലൂർ സ്വദേശികളായ തിരുമൂർത്തി, വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള മകൾ മരിച്ചത്.

കുഞ്ഞിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് മൃതദേഹം പുറത്തെടുക്കാൻ ദേവികുളം സബ്കളക്ടർ അനുമതി നൽകിയത്.

അമ്മ വിശ്വലക്ഷ്മി മുലപ്പാൽ നൽകുന്നതിനിടെ പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് അസ്വസ്ഥതയുണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടിയെ ഉടൻ വട്ടവടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൂന്ന് മണിയോടെ കുഞ്ഞിനെ സംസ്കരിച്ചു. എന്നാൽ ഇക്കാര്യം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിച്ചിരുന്നില്ല.

മരണത്തിൽ അയൽവാസികളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. തുടർന്ന് വിശ്വലക്ഷ്മിയുമായി പിണങ്ങി മാറിത്താമസിക്കുന്ന തിരുമൂർത്തി മകളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം അറിഞ്ഞിട്ടും പൊലീസിൽ വിവരം അറിയിക്കാതിരുന്ന ഡോക്ടർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

Tags
Back to top button