വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണക്കേസിൽ പ്രോസിക്യൂഷൻ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി വിധി

പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധിയിൽ പൊലീസ് അന്വേഷണത്തിലെ പാളിച്ചകൾ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്.

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണക്കേസിൽ പ്രോസിക്യൂഷൻ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി വിധി. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധിയിൽ പോലീസ് അന്വേഷണത്തിലെ പാളിച്ചകൾ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഹാജരാക്കിയ സാക്ഷികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത കോടതി സാഹചര്യത്തെളിവുകൾ മുഖവിലയ്ക്ക് എടുക്കാൻ കഴിയുന്നതല്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ട കേസാണ് ഇതെന്ന് കോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ട്.

വാളയാറിൽ ആദ്യം മരിച്ച കുട്ടിയുടേത് തൂങ്ങിമരണം തന്നെയാണെന്ന് കോടതിവിധിയിൽ പരാമർശമുണ്ട്. എന്നാൽ ലൈംഗീക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന് കരുതാനാകില്ലെന്നും കോടതി സൂചിപ്പിക്കുന്നു. പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന പ്രതിഭാഗം വാദം പ്രോസിക്യൂഷൻ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. എന്നാൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്നതാണ് പ്രോസിക്യൂഷന്റെ പ്രധാനവാദം. ഇക്കാര്യത്തിൽ എഫ്.ഐ.ആർ പ്രത്യേകം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതായിരുന്നു. പക്ഷേ അത് ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകൾ മാത്രം ആശ്രയിച്ചാണ് പ്രോസിക്യൂഷൻ മുന്നോട്ടുപോകാൻ ശ്രമിച്ചിരിക്കുന്നത്.

പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളോ നിലനിൽക്കുന്ന സാക്ഷിമൊഴികളോ ഹാജരാക്കാൻ സാധിച്ചിട്ടില്ല. സാഹചര്യത്തെളിവുകളാകട്ടെ വിശ്വാസയോഗ്യമായത് വളരെ കുറവും. സാക്ഷിമൊഴികൾ പരസ്പര വിരുദ്ധമാണ്. പോലീസ് കെട്ടിച്ചമച്ച സാക്ഷികളാകാൻ സാധ്യതയുണ്ടെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് തെളിയിക്കാൻ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Back to top button