വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ; ഇന്ത്യക്ക് കൈമാറും

ലണ്ടൻ: വിവാദ  വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ. സ്കോട്ട്ലൻഡ് യാർഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ മല്യയെ ഹാജരാക്കും. നടപടികൾ പൂർത്തിയാക്കി മല്യയെ ബ്രിട്ടൺ ഇന്ത്യക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. കുറ്റവാളികളെ കൈമാറൽ വാറണ്ട് അനുസരിച്ചാണ് ബ്രിട്ടൻ ഇയാളെ അറസ്റ്റ് ചെയ്തത്.

രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന്  9400 കോടി രൂപ വായ്പയെടുത്ത് തരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മല്യയെ പിടികൂടുന്നതിനായുള്ള എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റ് നടപടികളിൽ നിർണായക വഴിത്തിരിവാണ് ഇന്നുണ്ടായത്. വിജയ് മല്യയെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബ്രിട്ടന്‍ നേരത്തേ  വ്യക്തമാക്കിയത്. പിന്നീട് ഇന്‍റർപോൾ വഴി ഇ.ഡി അധികൃതർ ശ്രമം തുടരുകയായിരുന്നു.

മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് രാജ്യ സഭാംഗം കൂടിയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്.

1
Back to top button