വിദഗ്ധ പരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

എഞ്ചിനീയർമാരുടെ സംഘടനയാണ് കോടതിയെ സമീപിപ്പിച്ചിരിക്കുന്നത്.

കൊച്ചി: കൂടുതൽ വിദഗ്ധ പരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഞ്ചിനീയർമാരുടെ സംഘടനയാണ് കോടതിയെ സമീപിപ്പിച്ചിരിക്കുന്നത്. പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ഐ.ഐ.ടി.യിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റപ്പണി മതിയെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇ ശ്രീധരന്റെ വാക്ക് വിശ്വസിച്ച് സർക്കാർ പാലം പൊളിക്കാൻ ഒരുങ്ങുകയാണെന്നാണ് ഹർജിയിലെ വാദം.

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിർമ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം പൂർണ്ണമായും പുതുക്കി പണിയാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാലാരിവട്ടം പാലത്തിൽ വിശദമായ പരിശോധന നടത്തിയശേഷം പാലം പൂർണ്ണമായും പുനർ നിർമ്മിക്കണമെന്ന ഇ ശ്രീധരന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു സർക്കാർ നടപടി.

നിർമ്മാണത്തിലെ പ്രശ്നങ്ങളടക്കം പാലം പൊളിച്ചു പണിയേണ്ട അവസ്ഥക്ക് ഇടയാക്കിയ സാഹചര്യങ്ങൾ ഇ ശ്രീധരൻ വിശദമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഒരു വർഷത്തിനകം പണി പൂർത്തിയാകുന്ന വിധത്തിൽ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒക്ടോബറിൽ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് വ്യക്തമാക്കി ഇ ശ്രീധരൻ രംഗത്തെത്തിയിരുന്നു. പാലം പൊളിച്ചു പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നൽകുമെന്നും ഒരു മാസത്തിനകം ജോലികൾ തുടങ്ങുമെന്നും പൊളിക്കലും, പുനർ നിർമാണവും സമാന്തരമായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Back to top button