വിസയിൽ ആസ്ട്രേലിയൻ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

മെൽബൺ: ‘457വിസ’ പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിദേശികൾക്കുള്ള വിസയിൽ ആസ്ട്രേലിയൻ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. സ്ഥിര താമസക്കാർക്ക് വിസാ കാലാവധി മൂന്നിൽ നിന്ന് നാലു വർഷമാക്കി ഉയർത്തിയത് കൂടാതെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്ന പരീക്ഷ പാസാവുകയും വേണം.

ആസ്ട്രേലിയൻ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നത് സംബന്ധിച്ച പരീക്ഷയും വിസാ അപേക്ഷകർ ജയിക്കണം. സ്ത്രീകളോടും കുട്ടികളോടും ഉള്ള പെരുമാറ്റം, ശൈശവ വിവാഹം, വനിതാ ലിംഗഛേദനം, ആഭ്യന്തര സംഘർഷങ്ങൾ എന്നീ വിഷയങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുന്നത്.

അതിവിദഗ്ധ തൊഴിലാളികളെയും നിക്ഷേപകരെയും ഉദ്ദേശിച്ചാണ് പുതിയ വിസ രീതി ആസ്ട്രേലിയൻ സർക്കാർ നടപ്പാക്കുന്നത്. 2018 മാർച്ചോടെ ഈ രീതി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ നിന്നടക്കമുള്ള താൽകാലിക തൊഴിലാളികളിൽ ഭൂരിപക്ഷവും ജോലി എടുക്കുന്നത് ‘457വിസ’യിലാണ്. ഇത്തരം വിസയിൽ കഴിയുന്നവരിൽ 25 ശതമാനം പേരും ഇന്ത്യക്കാരാണ്. ഇന്ത്യ കഴിഞ്ഞാൽ ബ്രിട്ടൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇവർക്ക് ആസ്ട്രേലിയ വിടേണ്ടി വരും.

2016 സെപ്റ്റംബറിലെ കണക്കനുസരിച്ച്, ‘457വിസ’ പദ്ധതി പ്രകാരം ആസ്ട്രേലിയയിൽ 95,757 വിദേശികൾ തൊഴിലെടുക്കുന്നുണ്ട്. ഇവരെ ആശ്രയിച്ച് സെക്കൻഡറി വിസയിൽ മുക്കാൽ ലക്ഷത്തോളം പേർ വേറെയും കഴിയുന്നു.

1
Back to top button