ശബരിമലയിൽ പോകുന്നവരുടെ സർവേയെടുത്താൽ അതിൽ കൂടുതലും കമ്മ്യൂണിസ്റ്റുകാർ : കോടിയേരി ബാലകൃഷ്ണൻ

എൽ.ഡി.എഫ് വിശ്വാസികൾക്കെതിരാണെന്ന ആരോപണത്തിന് അരൂരിലെ പ്രചാരണ വേദിയിലായിരുന്നു കോടിയേരിയുടെ ഈ മറുപടി

ശബരിമലയിൽ പോകുന്നവരുടെ സർവേയെടുത്താൽ അതിൽ കൂടുതലും കമ്മ്യൂണിസ്റ്റ്കാരായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് വിശ്വാസികൾക്കെതിരാണെന്ന ആരോപണത്തിന് അരൂരിലെ പ്രചാരണ വേദിയിലായിരുന്നു കോടിയേരിയുടെ ഈ മറുപടി. മണ്ഡലത്തിൽ ഇന്നലെ നടന്ന എൽ.ഡി.എഫ് റാലിയിൽ ഉപയോഗിച്ച പല വർണത്തിലുള്ള കൊടികൾ സി.പി.എമ്മിന്റെതല്ലെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

ശബരിമല അടക്കമുള്ള വിശ്വാസ വിഷയങ്ങളിൽ എൽ.ഡി.എഫിനെ തുടക്കം മുതൽ കടന്നാക്രമിക്കുന്നുണ്ട് യു.ഡി.എഫും എൻ.ഡി.എയും. അതിനെ പ്രതിരോധിച്ച് കൊണ്ടായിരുന്നു അരൂരിൽ കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ.

ആഭ്യന്തര മന്ത്രിയായിരിക്കെ ശബരിമല സന്ദർശിച്ചപ്പോൾ ഭക്തർ ലാൽസലാം പറഞ്ഞ് അഭിവാദ്യം ചെയ്തതും കോടിയേരി ഓർത്തെടുത്തു.

മണ്ഡലത്തിൽ എൽ.ഡി.എഫ് കഴിഞ്ഞ ദിവസം നടത്തിയ റാലിയിൽ മഞ്ഞ ,പച്ച, നീല, വെള്ള നീല നിറങ്ങളിലുള്ള കൊടികളുപയോഗിച്ചതിനെ കോൺഗ്രസ്സും ബി.ജെ.പിയും പരിഹസിച്ചിരുന്നു.

Back to top button