ശബരിമല യുവതീ പ്രവേശത്തിനെതിരായ നിയമ നിർമ്മാണത്തെ ചൊല്ലി ബി.ജെ.പിയിൽ രണ്ടഭിപ്രായം

ശബരിമല വിഷയം ഉപതെരഞെടുപ്പ് രംഗത്തും ചർച്ചയാകുന്നതിനിടെയാണ് ശ്രീധരൻ പിള്ളയും കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡയും രണ്ടഭിപ്രായത്തിൽ എത്തിയിരിക്കുന്നത്

മഞ്ചേശ്വരം: ശബരിമല യുവതീ പ്രവേശത്തിനെതിരായ നിയമ നിർമ്മാണത്തെ ചൊല്ലി ബി.ജെ.പിയിൽ രണ്ടഭിപ്രായം. നിയമo നിർമ്മിക്കുമെന്ന് ബി.ജെ.പി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പ്രശ്നം സംസ്ഥാന വിഷയമാണെന്നുമാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ നിലപാട്. അതേസമയം, സുപ്രീംകോടതി വിധി വന്നാൽ നിയമനിർമാണം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വീണ്ടും ആവർത്തിക്കുകയാണ്.

ശബരിമല വിഷയം ഉപതെരഞെടുപ്പ് രംഗത്തും ചർച്ചയാകുന്നതിനിടെയാണ് ശ്രീധരൻ പിള്ളയുടെ പരാമർശം. യുവതീ പ്രവേശത്തിനെതിരായി നിയമനിർമ്മാണം നടത്തുമെന്ന് ഒരുഘട്ടത്തിലും ബി.ജെ.പി പറഞിട്ടില്ല. വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും ആചാര സംരക്ഷണത്തിനായ നിയമ പോരാട്ടം നടത്തുമെന്നാണ് പറഞ്ഞതെന്നുമാണ് ശ്രീധരന് പിള്ള അവകാശപ്പെടുന്നത്.

അതേസമയം നിയമനിർമാണം കേന്ദ്ര സർക്കാരിന്റേയും ബി.ജെ.പിയുടേയും സജീവ പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും ഇതിനായി കാത്തിരിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞത്.

ശബരിമല യുവതീപ്രവേശന വിഷയം സങ്കീർണമാണ്. സുപ്രീംകോടതിയുടെ അന്തിമവിധിക്ക് ശേഷമാകും നിയമനിർമാണം പരിഗണിക്കുക. കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കാൻ ഏഴ് പതിറ്റാണ്ടും രാമജന്മ ഭൂമി വിഷയത്തിൽ കാലങ്ങളോളവും കാത്തിരുന്നില്ലേ എന്നും സദാനന്ദ ഗൗഡ കൂട്ടിച്ചേർത്തിരുന്നു.

advt
Back to top button