സ്പോട്സ് (Sports)

സഞ്ജു വി സാംസൺ എന്റെ ഏറ്റവും പ്രിയപ്പെട്ട താരം; ഗൗതം ഗംഭീർ

സഞ്ജു തന്റെ പ്രിയപ്പെട്ട താരമാണെന്നും പന്തിനെ മറികടന്ന് സഞ്ജു ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. സഞ്ജു തന്റെ പ്രിയപ്പെട്ട താരമാണെന്നും പന്തിനെ മറികടന്ന് സഞ്ജു ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഋഷഭ് പന്ത് മികച്ച താരമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മാച്ച് വിന്നർ ആകാൻ കെൽപ്പുള്ള താരമാണ്. എന്നാൽ ഇതിനായി കഠിനധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യ എ-യ്ക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെ കനത്ത വെല്ലുവിളിയാണ് സഞ്ജു ഉയർത്തിയിരിക്കുന്നത്. വ്യക്തിപരമായി എന്റെ ഫേവറൈറ്റ് സഞ്ജു സാംസണാണ്.’ ഗംഭീർ വ്യക്തമാക്കി.

“ഋഷഭ് പന്ത് എപ്പോഴും ആവേശമാണ്. പക്ഷേ, അദ്ദേഹം തന്റെ യഥാർത്ഥ മികവ് പുറത്തെടുത്തില്ലെങ്കിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട താരമായ സഞ്ജു പന്തിന് വെല്ലുവിളിയുണർത്തും.”- മുൻ ഇന്ത്യൻ ഓപ്പണർ കുറിച്ചു.

തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അന്ന് 48 പന്തിൽ നിന്ന് 91 റൺസാണ് മലയാളി താരം നേടിയത്. അന്നും സഞ്ജുവിനെ അഭിനന്ദിച്ച് ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു. ലോകകപ്പിലെ നാലാം നമ്പറിൽ സഞ്ജു കളിക്കണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Tags
Back to top button