സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുടെ മേയ് ദിനസന്ദേശം

കോഴിക്കോട്: ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മേയ് ഒന്ന് ആവേശകരമായ ഓർമയാണ്.

എട്ടുമണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശത്തിനായി ചിക്കാഗോയിൽ നടന്ന തൊഴിലാളിപ്രക്ഷോഭത്തിന്‍റെയും ഉജ്ജ്വലമായ ത്യാഗത്തിന്‍റെയും ഓര്‍മയാണ് മെയ്ദിനം.

അടിമത്തത്തിന്‍റെ ചങ്ങലക്കെട്ട് പൊട്ടിച്ചറിയാനുള്ള അടങ്ങാത്ത മനുഷ്യവാഞ്ഛയുടെ മുന്നേറ്റത്തിന്‍റെ ചരിത്രമാണ് മെയ്ദിനം മുന്നോട്ടുവയ്ക്കുന്നത്.

അദ്ധ്വാനത്തിന്‍റെയും വിശ്രമത്തിന്റെയും വിനോദത്തിന്റെയും പരിധികൾക്കപ്പുറം മനുഷ്യാവകാശങ്ങളുടെ സാക്ഷാൽക്കാരത്തിനായി ഇന്നും ലോകമെമ്പാടും നടക്കുന്ന പോരാട്ടങ്ങൾക്കൊപ്പം ചേരാൻ നമുക്ക് ആവേശമാകണം ഈ മെയ്ദിനം.

അടിസ്ഥാനവർഗത്തിന്‍റെ നിരന്തര സമരത്തിലൂടെ തന്നെയാണ് നമ്മുടെ കേരളവും കടന്നുപോയിട്ടുള്ളത്.

പോരാട്ടത്തിലൂടെയല്ലാതെ അടിസ്ഥാനവർഗം ഒന്നും നേടിയിട്ടുമില്ല.

അത്തരത്തിൽ നടക്കുന്ന നിരന്തര സമരത്തിന്‍റെ ഭാഗമായി ഉയർന്നു വന്നതാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ.

സമൂഹത്തിലെ പിന്നോക്കക്കാരുടേയും അടിസ്ഥാന വിഭാഗങ്ങളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും മുന്നേറ്റത്തിനായി സർക്കാർ ആവിഷ്കരിക്കുന്ന നിരവധി പദ്ധതികളിൽ ഈ പ്രതിബദ്ധത തെളിഞ്ഞു കാണാവുന്നതാണ്.

അടഞ്ഞുകിടന്ന കശുവണ്ടി ഫാക്റ്ററികൾ പറഞ്ഞ സമയത്തിനുള്ളിൽ തുറന്ന് പ്രവർത്തിപ്പിക്കാനായതും മുടങ്ങിക്കിടന്ന സാമൂഹ്യക്ഷേമ പെൻഷനുകൾ വീടുകളിലെത്തിക്കാൻ കഴിഞ്ഞതും നിരവധി മേഖലകളിലെ തൊഴിലാളികൾക്ക് അടിസ്ഥാന വേതനം വർധിപ്പിച്ചു നൽകിയതും പരമ്പരാഗത മേഖലയിൽ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതും ഏറ്റവുമൊടുവിൽ നഴ്‌സറി ടീച്ചർമാർക്കും ആയമാർക്കും വൻതോതിൽ വേതന വർദ്ധനവ് നടപ്പാക്കിയതുമെല്ലാം അദ്ധ്വാനിക്കുന്ന വിഭാഗങ്ങളോടുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.

വീടില്ലാത്തവർക്ക് വീടും ജീവനോപാധിയും ലഭ്യമാക്കുന്നതിനായുള്ള ലൈഫ്, രോഗപീഢയാൽ കഷ്ടപ്പെടുന്നവർക്കായുള്ള ആർദ്രം, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സമൂഹത്തെ മൊത്തം ബാധിക്കുന്ന ജലദൗർലഭ്യം, മാലിന്യം, കാർഷിക പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിനായുള്ള ഹരിതകേരളം തുടങ്ങിയ മിഷനുകൾ സർക്കാരിന്റെ ഭാവനാപൂർണമായ ഇടപെടലുകളാണ്.

സാമൂഹ്യക്ഷേമ മേഖലയിൽ ശക്തമായി ഇടപെട്ടു കൊണ്ട് സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ ഒരു ഭാഗത്ത് ശ്രമിക്കുമ്പോൾ തന്നെ ഭാവി കേരളത്തെ രൂപപ്പെടുത്തുന്ന വലിയ പശ്ചാത്തല സൗകര്യ വികസനവും സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

‘മതനിരപേക്ഷ അഴിമതിരഹിത വികസിത നവകേരളം’ എന്ന സർക്കാരിന്‍റെ മുദ്രാവാക്യം തൊഴിലാളി വർഗത്തിന്‍റെ സ്വപ്നമാണ്. അത് സഫലമാക്കാനുള്ള പരിശ്രമങ്ങൾക്ക് ഈ മേയ്ദിന സ്മരണ ആവേശം പകരും.

എല്ലാവർക്കും മെയ്ദിനാശംസകൾ.

1
Back to top button