സിംഹങ്ങളെ കടുവ പിടിച്ചു

കൊളംബോ: ബംഗ്ലാദേശിന് എന്നും തന്നെ വിശ്വസിക്കാമെന്ന് ഷാക്കിബ് അൽ ഹസൻ ഒരിക്കൽകൂടി തെളിയിച്ചു. രണ്ടാം ട്വൻറി20 മത്സരത്തിൽ ശ്രീലങ്കയെ 45 റൺസിന് തറപറ്റിച്ച് ബംഗ്ലാദേശ് പരമ്പര സമനിലയിലാക്കിയപ്പോൾ ടീമിനെ മുന്നിൽനിന്ന് നയിച്ചത് ഷക്കീബ് തന്നെ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മികച്ച പ്രകടനവുമായി ടീമിെൻറ വിജയത്തിന് ചുക്കാൻ പിടിച്ച ഷാക്കിബ്  മാൻ ഒാഫ് ദ മാച്ചുമായി. ലങ്കയുടെ ലസിത് മലിംഗയുടെ കന്നി ട്വൻറി 20 ഹാട്രിക് പ്രകടനം  പാഴായി.
ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന് ബംഗ്ലാദേശിനെ അനായാസം തോൽപിച്ചതിെൻറ വീര്യവുമായാണ് രണ്ടാം മത്സരത്തിന് ആതിഥേയരായ ലങ്കയിറങ്ങിയത്. സ്വന്തം കാണികളുടെ മുന്നിൽ മറ്റൊരു അനായാസ ജയം പ്രതീക്ഷിച്ച ലങ്കൻ സിംഹങ്ങളെ ബംഗ്ലാ കടുവകൾ പ്രേമദാസ സ്റ്റേഡിയത്തിൽ പിച്ചിച്ചീന്തി. ബംഗ്ലാദേശ് ഉയർത്തിയ 177 റൺസിെൻറ ലക്ഷ്യം പിന്തുടർന്ന ലങ്ക 131 റൺസിന് പുറത്തായി. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംറുൽ ഖയിസും സൗമ്യ സർക്കാറും ചേർന്ന ഒാപണിങ് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റ് വീണത് 71 റൺസിൽ. സ്വന്തം പന്തിൽ ഗുണരത്നെ പിടിച്ച് സൗമ്യ സർക്കാർ 34 റൺസുമായി പുറത്തായി.
ഏഴ് റൺസുകൂടി കഴിഞ്ഞേപ്പാൾ 36 റൺസെടുത്ത ഇംറുൽ ഖയിസ് റണ്ണൗട്ടുമായി. സബ്ബിർ റഹ്മാന് കൂട്ടായെത്തിയ ഷാക്കിബ് 31 പന്തിൽ 38 റൺസെടുത്ത് ടോപ് സ്കോറർ ആയി.
ഹാട്രിക്കുമായി  തീ തുപ്പിയ മലിംഗയുടെ പന്തുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ബംഗ്ലാ വാലറ്റം പത്തിമടക്കി. ഒരു ഘട്ടത്തിൽ 200 കടക്കുമെന്നു തോന്നിച്ച സ്കോർ 176ൽ ഒതുങ്ങി. മലിംഗ നാലോവറിൽ 34 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക അടിയറവ് പറഞ്ഞുകൊണ്ടായിരുന്നു തുടങ്ങിയതുതന്നെ. പതിവിനു വിപരീതമായി സ്പിന്നുമായി ലങ്കയെ നേരിട്ടത് ഷാക്കിബായിരുന്നു. അതിനു ഫലവും കണ്ടു. ആദ്യ പന്ത് ബൗണ്ടറി കടത്തിയ കുശാൽ പെരേരയെ രണ്ടാം പന്തിൽ ഷാക്കിബ് കുറ്റി പിഴുതു. സ്കോർ 19ൽ രണ്ടാമത്തെ വിക്കറ്റും ഷക്കീബ് സ്വന്തമാക്കി.
നാല് റൺസെടുത്ത ദിൽഷൻ മുനവീരയെ മഹമൂദുല്ലയുടെ കൈയിൽ ഏൽപിച്ചു. പിന്നെ തുടർച്ചയായ ഇടവേളകളിൽ ലങ്കക്ക് വിക്കറ്റ് നഷ്ടമായി. ഷാക്കിബിെൻറ കൈയിൽനിന്ന് പന്തെടുത്ത ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാൻ ലങ്കയുടെ നടുവൊടിച്ചു.
മൂന്നോവറിൽ 21 റൺസിന് നാല് വിക്കറ്റാണ് മുസ്തഫിസുർ സ്വന്തമാക്കിയത്.  35 പന്തിൽ 50 റൺസെടുത്ത കപ്പുഗദെരെയും 23 റൺസെടുത്ത ഉപുൽ തരംഗയും 27 റൺസെടുത്ത തിസരെ പെരേരയും മാത്രമേ ചെറുത്തുനിൽപിനുണ്ടായിരുന്നുള്ളൂ. ഒടുവിൽ 18 ഒാവറിൽ 131 റൺസിന് ലങ്ക ഒാൾ ഒൗട്ടായി.

1
Back to top button