സി.പി.എം പിന്തുണയോടെ മാണി വിഭാഗത്തിന് കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനം

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ കേര‍ളാ കോൺഗ്രസ്-എമ്മിന് വിജയം.

കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലിയാണ് എട്ടിനെതിരെ 12 വോട്ടുകൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

പി.സി.ജോർജ് വിഭാഗം വോട്ട് അസാധുവാക്കി. സി.പി.ഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

മുന്നണി ബന്ധത്തിലെ അവ്യക്തത നീങ്ങിയതിൽ സന്തോഷമുണ്ടെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു.

കേരള കോൺഗ്രസിന്‍റേത് രാഷ്ട്രീയ വഞ്ചനയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസൻ പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ്-എം എൽ.ഡി.എഫിലേക്ക് ചേക്കേറുന്നുവെന്ന വാർത്തകൾക്ക് ശക്തി പകരുന്നതാണ് ഇന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ പാർട്ടി ചെയർമാൻ കെ.എം.മാണി തീരുമാനിച്ചതിന് പിന്നാലെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തരമായി യോഗം ചേർന്ന് മാണിയെ പിന്തുണക്കാൻ തീരുമാനിച്ചത്.

കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് ചേക്കേറുന്നതിനുള്ള ആദ്യപടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പുതിയ നീക്കത്തെ കാണുന്നത്.

കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡി.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതാണ് പുതിയ രാഷ്ടീയ നീക്കങ്ങൾക്ക് തുടക്കമായത്.

കേരള കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യു.ഡി.എഫ് രണ്ടര വർഷത്തിന് ശേഷം പ്രസിഡന്‍റ് പദവി മാണി വിഭാഗത്തിന് നൽകുമെന്നായിരുന്നു ധാരണ.

പിന്നീട് യു.ഡി.എഫ് ബന്ധം കേരള കോൺഗ്രസ് അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തിൽ സീറ്റിൽ നേരത്തെയുള്ള ധാരണ തുടരുകയായിരുന്നു. അതിനിടെയാണ് ജോഷി ഫിലിപ്പ് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വെച്ചത്.

new jindal advt tree advt
Back to top button