സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കൽ; സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി. പൊതുതാൽപര്യ ഹരജിയെ തുടർന്നാണ് കോടതി നിർദേശം. നാല് ആഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിൽ അടുത്ത വാദം ആഗസ്റ്റ് 23ന് നടക്കും.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറ ഹിന്ദു യുവവാഹിനിയടക്കമുള്ള  വലതുപക്ഷ സംഘടനകളും ഉത്തരാഖണ്ഡിലെ പുതിയ ബി.ജെ.പി സർക്കാറും സർവ്വകലാശാലകളിലും കോളേജുകളിലും ദേശീയ പതാക ഉയർത്തുന്നതും ദേശീയ ഗാനം പാടുന്നതും നിർബന്ധമാക്കാനുള്ള നീക്കത്തിലാണ്. ഇതിനു പുറമേ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്നിനുള്ള നടപടികളിലാണ് ഉത്തരാഖണ്ഡ് സർക്കാർ. ഇതിൻെറ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യപ്പെട്ടത്.

വന്ദേമാതരം ദേശീയഗാനമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടെത്തിയ ഹരജി ചർച്ച ചെയ്യുന്നതിന് നേരത്തേ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഫെബ്രുവരി 17നായിരുന്നു ഇത്. അശ്വിനി ഉപാധ്യായ് എന്ന അഭിഭാഷകൻ സമർപിച്ച ഹരജി  ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് മോഹൻ എം ശാന്തനഗൗണ്ടർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.  സിനിമ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയതിന് പിന്നാലെയാണ് കേന്ദ്രം സ്കൂളുകളിൽ വന്ദേമാതരം കൊണ്ടുവരുന്നത്.

1
Back to top button