സൗമ്യവധക്കേസ് ആറംഗ ബെഞ്ചിലേക്ക്; ഹരജി വ്യാഴാഴ്ച പരിഗണിക്കും

ന്യൂഡൽഹി: സൗമ്യ വധകേസിൽ തിരുത്തൽ ഹരജി കേൾക്കുന്നത് സുപ്രിംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി.

ചീഫ് ജസ്റ്റിസിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച ഹരജി പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരടങ്ങുന്നതാണ് പുതിയ ബെഞ്ച്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ മാതാവ് സുമതിയും ആണ് തിരുത്തല്‍ ഹരജി നല്‍കിയത്.

അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയാണ് കേരളത്തിന്‍െറ ഹരജി സാക്ഷ്യപ്പെടുത്തിയത്.

തിരുത്തല്‍ ഹരജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം.

സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും മാതാവ് സുമതിയും നല്‍കിയ പുന:പരിശോധന ഹരജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു.

ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്.

അതേസമയം, ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ നൽകിയ കീഴ്കോടതി വിധികൾ സുപ്രീംകോടതി ശരിവെച്ചിരുന്നു.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് അന്ന് വിധി പറഞ്ഞത്.

സൗമ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഗോവിന്ദച്ചാമി ആക്രമിച്ചെന്നതിന് തെളിവില്ളെന്ന് വ്യക്തമാക്കിയ കോടതി വധശിക്ഷ ഏഴു വര്‍ഷം കഠിനതടവാക്കി കുറക്കുകയായിരുന്നു.

കീഴ്കോടതി വിധിച്ച 394, 397, 447 വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിനതടവും മൂന്നു മാസം മറ്റൊരു കഠിനതടവും ശരിവെച്ച കോടതി ഇവയെല്ലാം ജീവപര്യന്തത്തോടൊപ്പം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വ്യക്തമാക്കിയിരുന്നു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം–ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്.

വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്.

ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു.

1
Back to top button