ദേശീയം (National)

ഇന്ത്യയുടെ 14ാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്‍ത് ചുമതലയേറ്റു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്‍ത് ചുമതലയേറ്റു.

പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ചുമതല തനിക്ക് നല്‍കിയതിന് എല്ലാവരോടും നന്ദിയുണ്ടെന്ന് ചുമതല ഏറ്റെടുത്തശേഷം കോവിന്ദ് പറഞ്ഞു.

“ഇന്ത്യയിലെ 125 കോടി ജനങ്ങളുടെയും പ്രതിനിധിയായി തുടരും. ഏറ്റെടുത്ത ഉത്തരവാദിത്വത്തെപ്പറ്റി ബോധ്യമുണ്ട്. രാജേന്ദ്ര പ്രസാദ് മുതല്‍ പ്രണബ് മുഖര്‍ജി വരെയുള്ള രാഷ്ട്രപതിമാര്‍ മികച്ച നേതാക്കന്മാരായിരുന്നു.

തനിക്കും അവരെപ്പോലെ മികവ് പുലര്‍ത്താനാവുമെന്നാണ് കരുതുന്നത്,” കോവിന്ദ് കൂട്ടിച്ചേര്‍ത്തു. മുന്‍ ബിഹാര്‍ ഗവര്‍ണറായ കോവിന്ദ് കെആര്‍ നാരായണനുശേഷം രാഷ്ട്രപതിയാവുന്ന ദലിത് വിഭാഗക്കാരനാണ്.

രാവിലെ രാജ്‍ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സമാധിയില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് കോവിന്ദ് രാഷ്ട്രപതിഭവനിലെത്തുകയും തുടര്‍ന്ന് പ്രണബ് മുഖര്‍ജിയോടൊത്ത് പാര്‍ലമെന്‍റിലേക്ക് പോവുകയുമായിരുന്നു.

Back to top button