രണ്ടില്‍ കൂടുതല്‍ കുട്ടികളുളളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലി കിട്ടില്ല; അസം സര്‍ക്കാര്‍.

ഗുവാഹാട്ടി: ജനസംഖ്യാ വര്‍ദ്ധനവ് തടയുന്നതിന് പുതിയ നയവുമായി അസം സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുളളവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലുള്‍പ്പെടെ ഇനി രണ്ടില്‍ കൂടുതല്‍ കുട്ടികളുളളവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസുകളിലും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തും.

ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്, കൃത്യമായ സാമൂഹ്യ സാമ്പത്തിക ആരോഗ്യ പദ്ധതികളിലൂടെ സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രണവിധേയമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ഒട്ടേറെ സംവാദങ്ങള്‍ക്കു ശേഷം ബില്‍ നിയമസഭയില്‍ പാസാക്കിയത്. കുടുംബാസൂത്രണ ചട്ടങ്ങള്‍ പാലിക്കാത്ത എംഎല്‍എ മാരെ അയോഗ്യരാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആണ്‍കുട്ടികള്‍ക്ക് 21 വയസും പെണ്‍കുട്ടികള്‍ക്ക് 18 വയസുമാണ് നിലവില്‍ അസമില്‍ നിയമമനുസരിച്ചുള്ള വിവാഹപ്രായം. ഇത് ലംഘിക്കുന്നവരും സര്‍ക്കാര്‍ ജോലിയ്ക്ക് അര്‍ഹരല്ലെന്നാണ് അറിയിച്ചിരിക്കുന്നത്

2011ലെ സെന്‍സസ് പ്രകാരം 3.12 കോടിയാണ് അസമിലെ ജനസംഖ്യ. 2001 ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 2.66 കോടിയായിരുന്നു. 17.7 ശതമാനമാണ് ​ഇക്കാലയളവില്‍ സംസ്ഥാനത്ത് ജനസംഖ്യാ വര്‍ദ്ധനവുണ്ടായത്.

Back to top button