രാജ്യത്താകെ സവാള വില കുതിച്ചുയരുമ്പോൾ ട്രക്കിൽ കയറ്റി അയച്ച 22 ലക്ഷം രൂപയുടെ സവാള മോഷ്ടിച്ചു.
മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 40 ടൺ സവാളയാണ് മോഷണം പോയത്

ശിവപുരി: രാജ്യത്താകെ ഉള്ളിവില കുതിച്ചുയരുമ്പോൾ മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 40 ടൺ സവാള മോഷ്ടിച്ചു. 22 ലക്ഷം രൂപയുടെ സവാളയാണ് മോഷണം പോയത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്.
കയറ്റുമതി ചെയ്ത സവാള സമയപരിധി കഴിഞ്ഞിട്ടും ഗൊരഖ്പുരിൽ എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സവാള മോഷണം പോയതായി അറിഞ്ഞത്. നവംബർ 11- നാണ് സവാളയുമായി ട്രക്ക് ഉത്തർപ്രദേശിലേക്ക് തിരിച്ചത്. 22 -നാണ് ഗൊരഖ്പുരിൽ ട്രക്ക് എത്തേണ്ടിയിരുന്നതെന്ന് മൊത്തക്കച്ചവടക്കാരനായ പ്രേം ചന്ദ് ശുക്ല പറഞ്ഞു. ഇയാളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോൻഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്ത നിലയിൽ ട്രക്ക് കണ്ടെത്തി. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.