42 കേസുകളിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന്​ ഡി.ജി.പിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ യു.എ.പി.എ ചുമത്തുന്നതിൽ പൊലീസ്, അന്വേഷണ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ട്.  പൊലീസ് രജിസ്റ്റർ ചെയ്ത 42 കേസുകളിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന് ഡി.ജി.പി നേതൃത്വത്തിലുള്ള പരിശോധനാ സമിതി കണ്ടെത്തി. 2012 മുതൽ യു.എ.പി.എ  ചുമത്തപ്പെട്ട 162 കേസുകളാണ് സമിതി പരിശോധിച്ചത്.

തീവ്രവാദ കേസുകളിൽ ചുമത്തുന്ന യു.എ.പി.എ ദുരുപയോഗം ചെയ്തു. കേസുകളിൽ യു.എ.പി.എ ചുമത്തണമെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻെറ അനുമതി വേണമെന്നും റിപ്പോർട്ടിൽ ഡി.ജി.പി ശിപാർശ ചെയ്യുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരണം ചെയ്തവർക്കും സർക്കാറിനെതിരെ വിമർശനമുന്നയിച്ചവർക്കും മനുഷ്യാവകാശ–സാമൂഹിക പ്രവർത്തകർക്കുമെതിരെയെല്ലാം യു.എ.പി.എ ചുമത്തപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്തത്.

എഴുത്തുകാരൻ കമൽസി ചവറയുടേത് ഉൾപ്പെടെ 42 കേസുകളിൽ യു.എ.പി.എ ഒഴിവാക്കാൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും സമിതി തീരുമാനിച്ചു. കമൽസി ചവറക്കെതിരെ രാജ്യദ്രോഹകുറ്റവും ചുമത്താനാകില്ല.

കഴിഞ്ഞ വർഷങ്ങളിലായി നിരവധി പേർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് പോസ്റ്റർ ഒട്ടിച്ച പോരാട്ടം പ്രവർത്തകർ, എഴുത്തുകാരൻ കമൽസി ചവറ,  സാമൂഹിക പ്രവർത്തകൻ നദീർ, കൊച്ചിയിലെ നീറ്റാ ജലാറ്റിൻ ആക്രമണിച്ച കേസിലെ പ്രതികൾ എന്നിവർക്കെതിരെയെല്ലാം യു.എ.പി.എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

1
Back to top button