കൊച്ചി കോർപറേഷനിലെ മേയർമാറ്റം വൈകുന്നതിൽ പ്രതിഷേധവുമായി ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ
ഡി.സി.സി ഓഫീസിൽ ഇന്നലെ നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണം തർക്കത്തെത്തുടർന്ന് അലങ്കോലപ്പെട്ടു

കൊച്ചി കോർപറേഷനിലെ മേയർമാറ്റം വൈകുന്നതിൽ പ്രതിഷേധവുമായി ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. ഡി.സി.സി ഓഫീസിൽ ഇന്നലെ നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണം തർക്കത്തെത്തുടർന്ന് അലങ്കോലപ്പെട്ടു. കോർപറേഷൻ ഭരണത്തിൽ വീഴ്ചയുണ്ടായെന്ന് മേയർ, ഡെപ്യൂട്ടി മേയർ പദവികളിലേയ്ക്ക് പരിഗണിക്കപ്പെടുന്ന ഷൈനി മാത്യുവും പ്രേംകുമാറും പറഞ്ഞു.
മേയറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് നോർമൻ ജോസഫ് രംഗത്തെത്തിയത് ഡി.സി.സി ഓഫീസിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങ് അലങ്കോലപ്പെടുത്തി. പിന്നാലെ നോർമൻ ജോസഫിനെ സസ്പെൻഡ് ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് അടക്കം ഉള്ള നേതാക്കളെ കാര്യങ്ങൾ പലതവണ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യമായി പ്രതിഷേധിച്ചതെന്ന് നോർമൻ ജോസഫ് പ്രതികരിച്ചു.
മേയറെ മാറ്റണമെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പ് നേതാക്കൾ. കോർപറേഷനിൽ നേതൃമാറ്റം വേണമെന്ന് ഡെപ്യൂട്ടി മേയർ പദവിയിലേയ്ക്ക് പരിഗണിക്കപ്പെടുന്ന പ്രേംകുമാർ പറഞ്ഞു.