ദേശീയം (National)

നാവികൻ അഭിലാഷ് ടോമിയെ ഇന്ന് ചികിത്സയ്ക്കായി മൗറീഷ്യസിലേയ്ക്ക് മാറ്റിയേക്കും

നാവികൻ അഭിലാഷ് ടോമിയെ ഇന്ന് ചികിത്സയ്ക്കായി മൗറീഷ്യസിലേയ്ക്ക് മാറ്റിയേക്കും

മുംബൈ: ഗോള്‍ഡൻ ഗ്ലോബ് റേസിനിടെ കടൽക്ഷോഭത്തിൽ പരിക്കേറ്റ മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ന് ചികിത്സയ്ക്കായി മൗറീഷ്യസിലേയ്ക്ക് മാറ്റിയേക്കും. ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐഎൻഎസ് സത്പുര എത്തിയ ശേഷമാണ് അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിൽ നിന്ന് മാറ്റുന്ന കാര്യം പരിഗണിക്കുക.

അതേസമയം, ദ്വീപിൽ വിമാനമിറങ്ങാൻ സൗകര്യമില്ലാത്തതിനാൽ കടൽമാര്‍ഗം മാത്രമേ അഭിലാഷിനെ മൗറീഷ്യസിലെത്തിക്കാനാകൂ. ഇതിനായി മൂന്ന് ദിവസത്തോളം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൗറീഷ്യസിൽ വിദഗ്ധ പരിശോധന നടത്തിയ ശേഷം അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതയും പരിഗണിക്കും.

സാരമായ ചില പരിക്കുകളുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചിരുന്നു. ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടു വരികയാണെന്ന് അഭിലാഷിനോട് സംസാരിച്ച വൈസ് അഡ്മിറൽ പി അജിത്കുമാറും അറിയിച്ചു.

തന്‍റെ രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള അഭിലാഷിന്‍റെ സന്ദേശം നാവികസേനാ വക്താവ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ആംസ്റ്റര്‍ഡാം ദ്വീപിൽ ചികിത്സയിൽ കഴിയുന്ന അഭിലാഷിന്‍റെ ചിത്രവും നാവികസേന പുറത്തുവിട്ടിട്ടുണ്ട്.

Tags
Back to top button