ദിലീപിന് എന്തിനാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങളെന്ന് ഹൈക്കോടതി

ദിലീപിന് എന്തിനാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങളെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നടൻ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. ദിലീപ് മജിസ്ട്രേറ്റ് കോടതിയിൽ വച്ച് ദൃശ്യങ്ങൾ കണ്ടതാണല്ലോ എന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ ആരാഞ്ഞത്. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ലഭിക്കാന്‍ അവകാശമുണ്ടെന്ന് കാട്ടിയാണ് നടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാണ് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങൾ നിർണായക തെളിവാണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. ദൃശ്യങ്ങളിലുള്ള സ്ത്രീ ശബ്ദം ഇരയുടെത് തന്നെ ആണോ എന്ന് പരിശോധിക്കണമെന്നും നടന്‍റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് തനിക്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അത് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ നടന്‍റെ ഈ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറാകരുതെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചിലാണ് ഈ കേസ് പരിഗണനയ്ക്ക് എടുത്തിരിക്കുന്നത്.

ഹൈക്കോടതിയിലെ ഹര്‍ജിയില്‍ വിധി വരുന്നത് വരെ വിചാരണ ആരംഭിക്കരുതെന്ന് കാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും സിങ്കിള്‍ ബഞ്ച് തള്ളിയിരുന്നു. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും പ്രകാരം പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. എറണാകുളം പ്രസിപ്പൽ സെഷൻസ് കോടതിയിൽ കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

കേസിലെ മുഖ്യ തെളിവാണ് ആക്രമണത്തിന് ഇരയായിരിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം. ഇത് പ്രതികൾക്ക് കിട്ടിയാൽ വിചാരണ നടക്കുമ്പോൾ ഇര എങ്ങനെ ധൈര്യത്തോടെ മൊഴി നല്‍കുമെന്ന് പ്രോസിക്യൂഷന്‍ ചോദിക്കുന്നു. ക്രിമിനല്‍ നടപടി ചട്ട പ്രകാരം കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ട്. എന്നാല്‍, ഇത്തരതത്തിലൊരു കേസ് രാജ്യത്ത് തന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടാതെ ഈ കേസ് ഒരു പ്രത്യേക സാഹചര്യത്തിലായണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

advt
Back to top button