രാഷ്ട്രീയം (Politics)

23 വർഷത്തിന് ശേഷം കോന്നി മണ്ഡലം തിരികെ പിടിച്ച് ഇടതുപക്ഷം.

യു.ഡി.എഫിന് വേണ്ടി പരസ്യമായി കളത്തിലിറങ്ങിയ എൻ.എൻ.എസിന് കനത്ത തിരിച്ചടി

പത്തനംതിട്ട: ശരിദൂര നിലപാട് പ്രഖ്യാപിച്ച് യു.ഡി.എഫിന് വേണ്ടി പരസ്യമായി കളത്തിലിറങ്ങിയ എൻ.എൻ.എസിന് കനത്ത തിരിച്ചടി നൽകി കോന്നിയിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. 1996 മുതൽ 23 വർഷമായി അടൂർ പ്രകാശിലൂടെ യു.ഡി.എഫ് കൈയടക്കി വച്ച കോന്നി മണ്ഡലം യുവനേതാവ് കെ.യു ജനീഷ് കുമാറിലൂടെയാണ് ഇടതുപക്ഷം തിരിച്ചു പിടിച്ചത്.

എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ എത്തിയതോടെ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലത്തിൽ 54099 വോട്ടുകളാണ് ജനീഷ് കുമാർ നേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി പി. മോഹൻരാജ് 44146 വോട്ടുകൾ നേടി രണ്ടാമതായി. ജനീഷ് കുമാറിന് 9953 വോട്ടുകളുടെ ഭൂരിപക്ഷം. അതിശക്തമായ പ്രചാരണം നടത്തി ഇരുമുന്നണികളേയും ഞെട്ടിപ്പിച്ച കെ.സുരേന്ദ്രന് 39786 വോട്ടുകൾ നേടി.

കോന്നിയിലെ പരാജയം കോൺഗ്രസിനുള്ളിൽ ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കും എന്ന കാര്യം ഉറപ്പാണ്. ആറ്റിങ്ങൽ എം.പിയായി ജയിച്ചതിനെ തുടർന്ന് കോന്നി എം.എൽ.എ സ്ഥാനം രാജിവച്ച അടൂർ പ്രകാശ് തന്റെ അടുത്ത അനുയായിയായ റോബിൻ പീറ്ററെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർദേശിച്ചത്. സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഉടനീളം റോബിൻ പീറ്ററിനായി അടൂർ പ്രകാശ് വാദിച്ചെങ്കിലും എൻ.എസ്.എസിന് കൂടി സ്വീകാര്യനായ പി. മോഹൻരാജിനെയാണ് നേതൃത്വം സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്.

ഇതേ തുടർന്ന് കോന്നിയിലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടായി. നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷന് അടൂർ പ്രകാശ് എത്തിയെങ്കിലും തന്റെ അതൃപ്തി അദ്ദേഹം മറച്ചു വച്ചില്ല. പ്രചാരണത്തിൽ ഉടനീളം അടൂർ പ്രകാശിനെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രചാരണത്തിൽ സജീവമല്ലായിരുന്നു. കൊട്ടിക്കലാശത്തിന് അടൂർ പ്രകാശ് ദില്ലിക്ക് പോയതും വലിയ ചർച്ചയായി. എല്ലാത്തിനും ഒടുവിൽ കാൽനൂറ്റാണ്ടോളം കോൺഗ്രസ് കൊണ്ടു നടന്ന കോന്നി മണ്ഡലം കൈവിട്ടു പോയതോടെ സ്വഭാവികമായും ഇനി പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിയാവും ഉണ്ടാവുക.

Tags
Back to top button