അന്തദേശീയം (International)

ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ജപ്പാനും ദക്ഷിണകൊറിയയും തമ്മിൽ ധാരണ

ഇരു രാജ്യങ്ങളുടെയും തലവന്മാർ ടോക്കിയോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്

ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ജപ്പാനും ദക്ഷിണ കൊറിയയും തമ്മിൽ ധാരണ. ഇരു രാജ്യങ്ങളുടെയും തലവന്മാർ ടോക്കിയോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഒരു വർഷത്തെ ഇടവേളയക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കൾ തമ്മിൽ ചർച്ച നടത്തുന്നത്.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെയും ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ലീ നാക് യോനും ടോക്കിയോയിൽ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ജപ്പാൻ ചക്രവർത്തി നറുഹിതോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനാണ് നഗരത്തിലെത്തിയാതായിരുന്നു ലീ നാക് യോൻ. ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമടക്കം നൂറോളം പ്രതിനിധികളാണ് ഇരുഭാഗങ്ങളിൽ നിന്നായി കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

മേഖലയിൽ ഉത്തര കൊറിയ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി അടക്കം നിരവധി വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും തമ്മിൽ ധാരണയായി. എന്നാൽ മറ്റു വിഷയങ്ങളിലൊന്നും കാര്യമായി പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 1965 ലെ ഉടമ്പടി പ്രകാരമുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ ദക്ഷിണ കൊറിയ തയ്യാറാവണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജപ്പാൻ പ്രധാനമന്ത്രി ആബെ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഏറെ നാളത്തെ വ്യാപാര തർക്കങ്ങൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാവുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കൊറിയക്കാരെ നിർബന്ധിച്ച് തൊഴിൽ ചെയ്യിച്ച ജപ്പാൻ കന്പനി നഷ്ടം പരിഹാരം നല്കണമെന്ന് ദക്ഷിണകൊറിയൻ കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. ഇരു രാജ്യങ്ങളും വ്യാപാര കരാറുകൾ ലംഘിക്കുകയും പ്രത്യേക പരിഗണനാ പദവികൾ ഒഴിവാക്കുകയും ചെയ്തു. തർക്കങ്ങൾ രൂക്ഷമായതോടെ വാണിജ്യബന്ധവും പ്രതിസന്ധിയിലായി. ഈ പശ്ചാതലത്തിലാണ് പുതിയ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

Tags
Back to top button