രാഷ്ട്രീയം (Politics)

തെരഞ്ഞെടുപ്പ് പരാജയത്തിൽ യു.ഡി.എഫ് യോഗത്തിൽ വിമർശനവുമായി ഘടകകക്ഷികൾ.

സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും തർക്കങ്ങളുമാണ് തിരിച്ചടിക്ക് കാരണമെന്ന് മുസ്ലിംലീഗ്

തെരഞ്ഞെടുപ്പ് പരാജയത്തിൽ യു.ഡി.എഫ് യോഗത്തിൽ വിമർശനവുമായി ഘടകകക്ഷികൾ. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും തർക്കങ്ങളുമാണ് തിരിച്ചടിക്ക് കാരണമെന്ന് മുസ്ലിംലീഗും പാലായില് നിന്ന് യു.ഡി.എഫ് പാഠം പഠിച്ചില്ലെന്ന് ആർ.എസ്.പിയും വിമർശനമുന്നയിച്ചു. തെരഞ്ഞെടുപ്പ് തോൽവിയുൾപ്പെടെ വിശദ ചർച്ചകൾക്കായി നവംബർ 15-ന് ഏകദിന സമ്പൂർണ യു.ഡി.എഫ് ചേരാനും മുന്നണിയോഗത്തിൽ തീരുമാനമായി.

മുന്നണിയിലെയും പാർട്ടികളിലെയും ആഭ്യന്തര പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് പരസ്യ വിമർശനമുന്നയിച്ച മുസ്ലീംലീഗ് മുന്നണിയോഗത്തിലും നിലപാട് ആവർത്തിച്ചു. തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണയം നടപ്പിലാക്കിയ മണ്ഡലങ്ങളിൽ വിജയിക്കാനായി. എന്നാൽ, സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകളും അപാകതകളുമുണ്ടായ മണ്ഡലത്തിലാണ് തിരിച്ചടി നേരിട്ടതെന്നും മുസ്ലിംലീഗ് യോഗത്തിൽ വിമർശനമുന്നയിച്ചു.

പാലായിൽ നിന്ന് പാഠം പഠിക്കാത്തതാണ് വട്ടിയൂർക്കാവിലും കോന്നിയിലും കനത്ത തിരിച്ചടിക്ക് കാരണമായതെന്ന് ആർ.എസ്.പിയും കുറ്റപ്പെടുത്തി. മുന്നണിയുടെ ഭാഗത്ത് വീഴ്ചകളും പാളിച്ചകളും ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയ നേതൃത്വം, വിഷയത്തിൽ വിശദ ചർച്ച നടത്താനും തീരുമാനിച്ചു.

Tags
Back to top button