സംസ്ഥാനം (State)

ഇടുക്കി ജില്ലയിലെ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന ഉത്തരവിൽ ഭേദഗതി.

എട്ട് വില്ലേജുകളിലെ നിർമ്മാണങ്ങൾക്ക് മാത്രം എൻ.ഒ.സി മതിയെന്നാണ് ഭേദഗതി.

ഇടുക്കി ജില്ലയിലെ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന ഉത്തരവിൽ ഭേദഗതി. നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സർക്കാർ ഭേദഗതി വരുത്തിയത്. എട്ട് വില്ലേജുകളിലെ നിർമ്മാണങ്ങൾക്ക് മാത്രം എൻ.ഒ.സി മതിയെന്നാണ് ഭേദഗതി. റവന്യൂ വകുപ്പിന്റെ നിർദേശത്തിനെതിരെ വ്യാപകമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഭേദഗതി വരുത്തിയത്.

ഇടുക്കി ജില്ലയിൽ അനധികൃത നിർമാണ പ്രവർത്തനം തടയുന്നതിനു വേണ്ടിയാണ് എല്ലാ നിർമ്മാണങ്ങൾക്കും റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന നിബന്ധന കൊണ്ടുവന്നത്.

വില്ലേജ് ഓഫീസറുടെ മുൻകൂർ അനുമതി വേണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്. ഇതോടെ 1964 ലെ ഭൂമി പതിവു ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലും നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെ വന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടർന്നാണ് ഉത്തരവിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്.

ഹൈക്കോടതി എൻ.ഒ.സി നിർബന്ധമാക്കിയിട്ടുള്ള ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ മാത്രം എൻ.ഒ.സി മതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി എന്നീ വില്ലേജുകളിലാണ് എൻ.ഒ.സി നിർബന്ധമാക്കിയിട്ടുള്ളത്. പുതിയ ഉത്തരവ് വന്നതോടെ ഈ വില്ലേജുകൾ ഒഴികെ പട്ടയം ലഭിച്ച മറ്റു പ്രദേശങ്ങളിൽ നിർമ്മാണത്തിനുണ്ടായിരുന്ന നിയന്ത്രണം നീങ്ങി.

Tags
Back to top button