സംസ്ഥാനം (State)

സംസ്ഥാനത്ത് വീണ്ടും നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം.

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ മകളേയും, ഡ്രൈവറേയുമാണ് സംസ്ഥാന സഹകരണ യൂണിയനിൽ സ്ഥിരപ്പെടുത്തിയത്

സംസ്ഥാനത്ത് വീണ്ടും നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മകൾ ദീപ, ആനാവൂരിന്റെ ഡ്രൈവർ രതീഷ് എന്നിവരെ സംസ്ഥാന സഹകരണ യൂണിയനിൽ സ്ഥിരപ്പെടുത്തി. നിയമനങ്ങൾ നിശ്ചയിച്ച കോലിയക്കോട് കൃഷ്ണൻ നായർ തന്റെ ഡ്രൈവർ രഞ്ജിത്തിനെയും സഹകരണ യൂണിയനിൽ സ്ഥിരപ്പെടുത്തി.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണൻ നായർ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായിരിക്കെയാണ് സംസ്ഥാന സഹകരണ യൂണിയനിലെ ഈ നിയമനങ്ങൾ. നാല് എൽ.ഡി ക്ലർക്ക്, നാല് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, രണ്ട് ഡ്രൈവർമാർ എന്നിവർക്കാണ് സ്ഥിര നിയമനം നൽകിയത്. പട്ടികയിൽ ഏറെയും സി.പി.ഐ.എം അംഗങ്ങളും അവരുടെ ബന്ധുക്കളുമാണ്.

കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ, അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവിടങ്ങളിലെയെല്ലാം നിയമനങ്ങൾ പി.എസ്.സി വഴിയാണ്. സംസ്ഥാന സഹകരണ യൂണിയനിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടില്ല. മറ്റ് ഏജൻസികളെക്കൊണ്ട് പരീക്ഷ നടത്തുകയും സ്വന്തമായി അഭിമുഖം നടത്തി നിയമനം നൽകുകയുമാണ് സംസ്ഥാന സഹകരണ യൂണിയനിൽ ചെയ്യുന്നത്. ഇത് പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുന്നതിനാണെന്നാണ് പരാതി. ബന്ധു നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് ചിലർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല .

Tags
Back to top button