പാകിസ്ഥാനിൽ ട്രെയിനിന് തീപിടിച്ച് 65 പേർ മരിച്ചു

കറാച്ചിയിൽ നിന്നും റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന തെസ്ഗാം ട്രെയിനിലാണ് അപകടമുണ്ടായത്.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റഹിം യാർ ഖാൻ പ്രവിശ്യക്ക് സമീപം ട്രെയിനിന് തീപിടിച്ച് 65 പേർ മരിച്ചു. കറാച്ചിയിൽ നിന്നും റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന തെസ്ഗാം ട്രെയിനിലാണ് അപകടമുണ്ടായത്.

ട്രെയിനിനുള്ളിൽ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. അപകടത്തിൽ ട്രെയിനിന്റെ മൂന്ന് ബോഗികൾ പൂർണ്ണമായി തകർന്നു. ലിയാഖ്വത്പൂർ നഗരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്.

ട്രെയിനിന് തീപിടിച്ചതോടെ പുറത്തേക്ക് എടുത്തു ചാടിയവരാണ് മരിച്ചവരിൽ ഏറെയും. അപകടത്തിൽ ഒട്ടേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും ലിയാഖ്വത്പൂരിലെ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കുറച്ചുപേരെ ബഹവാൽപൂരിലെ ബഹവൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാക് റെയിൽവേ മന്ത്രി ശെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു.

സംഭവത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുശോചനം അറിയിച്ചു. പരിക്കേറ്റ യാത്രക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

Back to top button