ഐ.എസ്.എൽ ആറാം മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് എ.ടി.കെ

ജയത്തോടെ എ.ടി.കെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് എ.ടി.കെ. ഡേവിഡ് വില്ല്യംസ്, എഡു ഗാർസിയ എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. റോയ് കൃഷ്ണ അവശേഷിക്കുന്ന ഒരു ഗോൾ നേടി. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിരുന്ന എ.ടി.കെ തകർപ്പൻ ജയത്തോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.

കഴിഞ്ഞ മത്സരത്തിലെ പതിഞ്ഞ കളിയൊക്കെ മാറ്റി വെച്ചാണ് എ.ടി.കെ ഇറങ്ങിയത്. മുൻ നിരയിൽ റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസും ഹൈദരാബാദ് പ്രതിരോധക്കോട്ടയെ വിറപ്പിച്ചു. ഇവർക്കൊപ്പം മൈക്കൽ സൂസൈരാജ് കൂടി ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയതോടെ കളിയുടെ ഗതി ആദ്യം തന്നെ മനസ്സിലാക്കി. ആദ്യ ഗോൾ വീഴാൻ 25 മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു.

ജാവിയർ ഹെർണാണ്ടസ് നൽകിയ മനോഹരമായ ത്രൂ ബോൾ അനായാസം വലയിലേക്ക് തിരിച്ചു വിട്ട ഡേവിഡ് വില്ല്യംസ് ഗോൾ സ്കോറിംഗിനു തുടക്കമിട്ടു. രണ്ട് മിനിട്ടിനു ശേഷം നിലം പറ്റെയുള്ള ഒരു ഷോട്ടിലൂടെ റോയ് കൃഷ്ണ വലയുടെ ഇടതുമൂലയിലേക്ക് പ്ലേസ് ചെയ്തു. കമൽജിതിൻ്റെ മുഴുനീള ഡൈവിനും അത് രക്ഷിക്കാനായില്ല. 44ആം മിനിട്ടിൽ മൂന്നാം ഗോൾ. ജയേഷ് റാണ നൽകിയ ത്രൂ ബോളിൽ ഹൈദരാബാദ് എഫ്സി കളിക്കാർ ഓഫ് സൈഡ് അപ്പീൽ വിളിക്കവേ ഗോളിയെ കബളിപ്പിച്ച് വലതു മൂലയിലേക്ക് പന്ത് പായിച്ച ഡേവിഡ് വില്ല്യംസ് തൻ്റെ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ ആതിഥേയർ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിൽ ഹൈദരാബാദ് അല്പം കൂടി ഒത്തിണക്കം കാട്ടി. എങ്കിലും ആക്രമണം മുഴുവൻ എ.ടി.കെ തന്നെയാണ് നടത്തിയത്. 88ആം മിനിട്ടിൽ എ.ടി.കെയുടെ നാലാം ഗോൾ. വലതു വിങ്ങിലൂടെ കുതിച്ചു കയറിയ പ്രബീർ ദാസ് നൽകിയ ക്രോസ് അനായാസം വലയിലേക്ക്ക് തിരിച്ചു വിട്ട ഗാർസിയ മത്സരത്തിലെ തൻ്റെ ആദ്യ ഗോൾ കണ്ടെത്തി. 94ആം മിനിട്ടിൽ വീണ്ടും പ്രബീർ ദാസ്. വീണ്ടും ഗാർസിയ. നേരത്തെ സ്കോർ ചെയ്ത ഗോളിൻ്റെ ആവർത്തനം. ഒരു മിനിട്ടിനു ശേഷം റഫറിയുടെ ഫൈനൽ വിസിൽ.

Back to top button