അതിര്‍ത്തിയിൽ സൈനിക സന്നാഹവുമായി ഇന്ത്യ.

അതിര്‍ത്തിയിൽ സൈനിക സന്നാഹവുമായി ഇന്ത്യ.

ന്യൂഡൽഹി: നിയന്ത്രണരേഖയ്ക്ക് പരിസരപ്രദേശങ്ങളിൽ ഇന്ത്യൻ, പാക് സേനകള്‍ ആക്രമണപ്രത്യാക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തിൽ അതിര്‍ത്തിയിൽ സൈനിക സന്നാഹവുമായി ഇന്ത്യ. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി രാജ്‍‍നാഥ് സിങിന്‍റെ നേതൃത്വത്തിൽ കര, വ്യോമ, നാവികസേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്മാരുമായുള്ള ചര്‍ച്ചകള്‍ ന്യൂ ‍ഡൽഹിയിൽ പുരോഗമിക്കുകയാണ്.

ഇതിനിടയിൽ ഇന്ത്യൻ വ്യോമാതിര്‍ത്തി ലംഘിച്ച മൂന്ന് പാക് പോര്‍വിമാനങ്ങളിലൊന്ന് ഇന്ത്യ വെടിവെച്ചിട്ടു. മറ്റു രണ്ട് വിമാനങ്ങളും ഇന്ത്യൻ പ്രത്യാക്രമണത്തെത്തുടര്‍ന്ന് മടങ്ങിപ്പോയി. ഇതിനിടയിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻ ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രണ്ട് ഇന്ത്യൻ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്.

അതിര്‍ത്തിയിലെ സേനാവിന്യാസം സംബന്ധിച്ചും പാക്കിസ്ഥാന്‍റെ പ്രകോപനം നേരിടുന്നതു സംബന്ധിച്ചുമാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും മറ്റ് സഹായങ്ങളും അതിര്‍ത്തിയിൽ എത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ പാക്കിസ്ഥാനിലെ ബലകോട്ടിൽ ഇന്ത്യൻ വ്യേമസേന ബോംബാക്രമണം നടത്തിയതിനു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം തുടരുകയാണ്. ഗ്രാമീണരെ മറയാക്കിയാണ് പാക് സൈന്യം ഇന്ത്യയെ ആക്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നല രാത്രി മുതൽ ഇന്ത്യ ഇതിന് പ്രത്യാക്രമണം നടത്തുന്നുമുണ്ട്. പാക് സൈനികനീക്കം ശക്തമാക്കിയതിനു പിന്നാലെ പഞ്ചാബ്, ഹരിയാന അതിര്‍ത്തി പ്രദേശങ്ങളിൽ സൈന്യം കനത്ത ജാഗ്രത തുടരുകയാണ്.

Back to top button