അയോധ്യകേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാം’; രാമക്ഷേത്ര നിർമാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്ന് മുസ്ലിം സംഘടന

കേസിൽ അനുകൂല വിധി വന്നാൽ പോലും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാണെന്നും ഇന്ത്യൻ മുസ്ലിം ഫോർ പീസ് എന്ന സംഘടന അറിയിച്ചു

ലക്നൗ: അയോധ്യക്കേസിന്റെ വാദം അന്തിമ ഘട്ടത്തിലെത്തി നിൽക്കെ, നിർണായക തീരുമാനവുമായി മുസ്ലിം സംഘടന. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാമെന്നും രാമക്ഷേത്ര നിർമാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും ഇന്ത്യൻ മുസ്ലിം ഫോർ പീസ് എന്ന സംഘടന അറിയിച്ചു. കേസിൽ അനുകൂല വിധി വന്നാൽ പോലും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാണെന്നും രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യൻ മുസ്ലീങ്ങൾ മുൻഗണന നൽകുന്നതെന്നും സംഘടന വക്താക്കൾ അറിയിച്ചു.

ഈ സാഹചര്യത്തിൽ ഞങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കുകയാണ്. കോടതി അനുകൂല വിധി പറഞ്ഞാൽ പോലും അവിടെ മുസ്ലിം പള്ളി പണിയുക സാധ്യമല്ല. രാജ്യത്തെ നിലവിലെ അന്തരീക്ഷത്തിൽ ഈ സ്വപ്നം സാക്ഷാത്കരിക്കില്ല. കോടതി വിധി അനുകൂലമായെന്നിരിക്കട്ടെ, ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കുമെന്ന് ഉറപ്പാണ്. അതേസമയം, ആരാധനാലയ നിയമം ശക്തമാക്കണമെന്ന് ഞങ്ങൾക്ക് ഉറപ്പ് തരണം- മുൻ അലിഗഢ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ജനറൽ സമീർ ഉദ്ദിൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് തയ്യാറാണെന്നും രാജ്യത്തിന്റെ സമാധാനവും വികസനവും മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി വിട്ടുകൊടുക്കാൻ മുസ്ലിം സംഘടനകൾ തയ്യാറാണെന്ന് നേരത്തെയും അഭ്യൂഹമുണ്ടായിരുന്നെങ്കിലും നേതാക്കൾ നേരിട്ട് രംഗത്തെത്തുന്നത് ആദ്യമായാണ്.

Back to top button