ഏറ്റവും മികച്ച ഗോളിന് പിന്നാലെ ബെസ്റ്റ് സേവിംഗ്‌സും ബാസ്റ്റേഴ്‌സിന്‍റെത്

ഏറ്റവും മികച്ച ഗോളിന് പിന്നാലെ ബെസ്റ്റ് സേവിംഗ്‌സും ബാസ്റ്റേഴ്‌സിന്‍റെത്.

ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സി കെ വിനീതിന്‍റെ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീസണിലെ ഏറ്റവും മികച്ച സേവിനുള്ള അവാര്‍ഡും ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തി. ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ വല കാക്കുന്ന റഹുബ്കയെ തേടിയാണ് ഇത്തവണത്തെ സേവിനുള്ള അവാര്‍ഡ് എത്തിയിരിക്കുന്നത്.

ജംഷദ്പൂര്‍ എഫ്സിക്കെതിരെ റഹുബ്ക നടത്തിയ പ്രകടനമാണ് സീസണിലെ മികച്ച സേവായത്. പൂനെ സിറ്റി ഗോള്‍ കീപ്പര്‍ വിഷാല്‍ കെയ്തിന്‍റെ സേവാണ് വോട്ടിംഗില്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും ഈ ഗോള്‍ കീപ്പര്‍ നേടിയിരുന്നു. വോട്ടിങ്ങിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഫലം പ്രഖ്യാപിക്കുന്നത്.

സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്‍റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം വിനീത് നേടിയ മിന്നും ഗോളായിരുന്നു ഇത്തവണത്തെ മികച്ച ഗോളായി തെരഞ്ഞെടുത്തത്. പുനെ എഫ്.സിക്കെതിരെ 93 മത്തെ മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയ ഗോളായിരുന്നു വിനീത് നേടിയത്

കറേജ് പെക്കൂസന്‍ നല്‍കിയ ക്രോസിലാണ് വിനീത് വിജയ ഗോള്‍ നേടിയത്. പുനെ ബോക്‌സിനു പുറത്ത് പന്ത് നെഞ്ചില്‍ വാങ്ങിയ വിനീത് അവിടെനിന്നും അതു പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് പായിക്കുകയായിരുന്നു. ഗോളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് പന്ത് വലയിലെത്തിച്ചത്.

മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 2-1നാണ് വിജയം സ്വന്തമാക്കിയത്. നിര്‍ണായക മത്സരത്തില്‍ ജാക്കിചന്ദിന്‍റെ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍പിലെത്തിയെങ്കിലും എമിലാനോ അല്‍ഫാറോയുടെ പെനാല്‍റ്റി ഗോളിലൂടെ പൂനെ സമനില ഗോള്‍ പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം ഉറപ്പിച്ച വിനീതിന്‍റെ അവസാന നിമിഷത്തെ ഗോള്‍ പിറന്നത്.

advt
Back to top button