ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി വീണ്ടും ബിൽ ഗേറ്റ്സ്

ഫോർബ്സിന്റെ കണക്കനുസരിച്ച് 105.7 ശതകോടി ഡോളറാണ് ബിൽ ഗേറ്റ്സിന്റെ നിലവിലെ ആസ്തി.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി വീണ്ടും ബിൽ ഗേറ്റ്സ്. ആമസോൺ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിനെയാണ് ബിൽ ഗേറ്റ്സ് മറികടന്ന് ഒന്നാമതെത്തിയത്. ഫോർബ്സിന്റെ കണക്കനുസരിച്ച് 105.7 ശതകോടി ഡോളറാണ് ബിൽ ഗേറ്റ്സിന്റെ നിലവിലെ ആസ്തി.

നീണ്ട 24 വർഷത്തെ അപ്രമാദിത്യത്തിന് ശേഷം കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കിരീടമാണ് ഇത്തവണ ബിൽ ഗേറ്റ്സ് തിരിച്ചുപിടിച്ചത്. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ആമസോൺ 700 കോടി ഡോളറിന്റെ ഓഹരി നഷ്ടം നേരിട്ടതാണ് ബെസോസിന് തിരിച്ചടിയായത്. മൂന്നാം പാദത്തിൽ മൊത്തം 26 ശതമാനത്തിന്റെ ഓഹരി നഷ്ടമാണ് ആമസോണിനുണ്ടായത്. വ്യാഴാഴ്ചത്തെ ഓഹരി വ്യാപാരത്തിൽ ആമസോണിന്റെ ഓഹരികൾക്ക് ഏഴ് ശതമാനം ഇടിവ് നേരിട്ടു. ഇതോടെ ബെസോസിന്റെ ആസ്തി 103.9 ശതകോടി ഡോളറിലേയ്ക്ക് താഴുകയായിരുന്നു.

നേരത്തെ 25 വർഷത്തെ ദാമ്പത്യബന്ധത്തിന് ശേഷം ഭാര്യ മക്കെൻസിയിൽ നിന്ന് വിവാഹ മോചനം നേടിയപ്പോൾ നാല് ശതമാനം ഓഹരികൾ ബെസോസിന് മക്കെൻസിക്ക് നൽകേണ്ടിവന്നിരുന്നു. 2.42 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഓഹരികളാണ് ബെസോസ് മക്കെൻസിക്ക് നൽകിയത്. സമ്പന്നരുടെ പട്ടികയിൽ 22-ാമതായി മക്കെൻസിയുമുണ്ട്.

2018-ലാണ് ഗേറ്റ്സിനെ പിന്തള്ളി ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം സ്വന്തമാക്കിയത്. 160 ശതകോടി ആസ്തിയുള്ള ലോകത്തിലെ ആദ്യ വ്യക്തിയെന്ന നേട്ടവും ബെസോസ് ഇതോടൊപ്പം സ്വന്തമാക്കിയിരുന്നു.

Back to top button