ബി.ജെ.പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കാൻ ധാരണയായതായി സൂചന.

ബി.ജെ.പി വൃത്തങ്ങൾ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകുന്നത്

ബി.ജെ.പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കാൻ ധാരണയായതായി സൂചന. ബി.ജെ.പി വൃത്തങ്ങൾ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകുന്നത്. സുരേന്ദ്രന് വേണ്ടി നീക്കങ്ങൾ ശക്തമാണെന്നാണ് വിവരം. സംസ്ഥാന ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുമായി ദേശീയ നേതൃത്വം ചർച്ച നടത്തി. ബി.ജെ.പി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ്, ആർ.എസ്.എസ് സഹ ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.

അടുത്ത സംസ്ഥാന അധ്യക്ഷൻ ആരാകുമെന്നതടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടന്നത് കൊച്ചി ആർ.എസ്.എസ് കാര്യാലയത്തിൽവച്ചാണെന്നാണ് വിവരം. ഒക്ടോബർ ആദ്യവാരമാണ് ചർച്ച നടന്നത്. പി എസ് ശ്രീധരൻ പിള്ള, കുമ്മനം രാജശേഖരൻ, എൻ ഗണേശൻ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു. കെ സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതിൽ നേതാക്കൾക്ക് എതിർപ്പില്ലെന്നാണ് സൂചന.

പി.എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്ന ചോദ്യമാണ് ഉയർന്നത്. കെ സുരേന്ദ്രനും എം.ടി രമേശുമാണ് പരിഗണനാപ്പട്ടികയിൽ മുന്നിലുള്ളതെന്ന് വിവരമുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയാണ് പുതിയ അധ്യക്ഷനാകാൻ കെ സുരേന്ദ്രനുള്ള അനുകൂല ഘടകം. കുമ്മനം രാജശേഖരൻ മാറിയപ്പോഴും സുരേന്ദ്രന്റെ പേരാണ് പരിഗണിച്ചിരുന്നതെങ്കിലും ഗ്രൂപ്പുപോരിൽ ശ്രീധരൻപിള്ളക്ക് നറുക്ക് വീഴുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും ദയനീയ പ്രകടനം കാഴ്ചവച്ചതോടെയാണ് ശ്രീധരൻപിള്ളയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുറവിളി ശക്തമായത്. ശബരിമല പ്രശ്നം അനുകൂലമാക്കാൻ കഴിയാത്തതിന്റെ പഴിയും അദ്ദേഹത്തിനുണ്ടായിരുന്നു.

Back to top button