മഹാത്മാഗാന്ധിയെ രാജ്യത്തിന്റെ മകൻ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂർ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പ് കാലത്ത് ഗോഡ്സെ ദേശസ്നേഹിയെന്ന് പ്രഗ്യ പ്രകീർത്തിച്ചിരുന്നു.

ഇന്ത്യയുടെ രാഷ്ട്രപിതാവിനെ രാജ്യത്തിന്റെ മകൻ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പിയുടെ ഭോപ്പാൽ എം.പി പ്രഗ്യാ സിംഗ് താക്കൂർ. നേരത്തെ മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്സെയെ പ്രഗ്യ പ്രകീർത്തിച്ചിരുന്നു.

ഗാന്ധിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന സങ്കൽപ് യാത്രയിൽ നിന്ന് പ്രഗ്യ പക്ഷെ വിട്ട് നിൽക്കുകയാണ്.

ശ്രീരാമനെയും കൃഷ്ണനെയും മഹാറാണ പ്രതാപിനെയും പോലെ മഹാത്മാഗാന്ധിയെയും രാഷ്ട്രത്തിന്റെ പുത്രനായി ഞാൻ കരുതുന്നു. അദ്ദേഹം നമ്മുടെ മാതൃകയാണ്. നമ്മൾ ഗാന്ധിയുടെ കാൽചുവടുകൾ പിന്തുടരുകയാണ്.

അദ്ദേഹം നമുക്ക് കാണിച്ച് തന്ന പാത എന്തായാലും നമ്മൾ അത് പിന്തുടരുകയും ചെയ്യുന്നു- മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കവേ പ്രഗ്യ പറഞ്ഞു.

അതേ സമയം സങ്കൽപ് യാത്രയിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രഗ്യ മറുപടി നൽകാൻ തയാറായില്ല. തന്റെ വഴികളിൽ നിന്ന് മാറാൻ തയാറല്ലെന്നും പ്രഗ്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പ് കാലത്ത് ഗോഡ്സെ ദേശസ്നേഹിയെന്ന് പ്രഗ്യ പരാമർശിച്ചത് വിവാദമായിരുന്നു. കൂടാതെ ദിഗ് വിജയ് സിംഗിനെ വിമർശിച്ചതും വിവാദമായി.

Back to top button