പഴങ്ങൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് ലൈസൻസ് നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം

കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്

പഴങ്ങൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് ലൈസൻസ് നൽകാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനം. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളിൽ നിന്നും കാർഷിക ഉത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിന് കാർഷിക സർവകലാശാലയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാർഷിക സർവകലാശാല ശുപാർശകൾ സമർപ്പിച്ചത്.

ഇതനുസരിച്ച് പഴങ്ങൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് വൈൻ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അബ്കാരി നിയമങ്ങൾക്ക് അനുസൃതമായി ലൈസൻസ് നൽകും. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സർക്കാരിന്റെ മദ്യനയം നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനിടയിലാണ് പഴങ്ങളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനുള്ള തീരുമാനം.

Back to top button