സംസ്ഥാനം (State)

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും

മെമ്മറി കാർഡ് നൽകുന്നത് അനീതി ആകും എന്നാണ് നടിയുടെ നിലപാട്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡ് നൽകുന്നത് അനീതി ആകും എന്നാണ് നടിയുടെ നിലപാട്.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തൊണ്ടി മുതലാണെങ്കിലും അതിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങൾ. ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

മെമ്മറി കാർഡ് കേസിലെ രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടൻ ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസ് തന്റെ പ്രതിച്ഛായ തകർത്തുവെന്നും ദ്യശ്യം ലഭിച്ചാൽ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താൻ ആകുമെന്നുമാണ് ദിലീപിന്റെ വാദം.

ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

Tags
Back to top button