ദേശീയം (National)

രാജ്യത്ത് തൊഴിലില്ലായ്മ കൂടിയതായി കേന്ദ്ര സർക്കാർ.

2013 – 14 വർഷത്തെ അപേക്ഷിച്ച് ഇരട്ടിയുടെ അടുത്താണ് തൊഴിലായ്മ വർധിച്ചിരിക്കുന്നത്.

രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ കൂടിയതായി സമ്മതിച്ച് കേന്ദ്ര സർക്കാർ. 2017- 18 സാമ്പത്തിക വർഷം ആറ് ശതമാനം ആണ് തൊഴിലില്ലായ്മ. 2013 – 14 വർഷത്തെ അപേക്ഷിച്ച് ഇരട്ടിയുടെ അടുത്താണ് തൊഴിലായ്മ വർധിച്ചിരിക്കുന്നത്. കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളിലെ തൊഴിൽ അവസരങ്ങളും കുറഞ്ഞു.

കോൺഗ്രസ് എം.പി കൊടുക്കുന്നിൽ സുരേഷിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് കണക്കു പുറത്ത് വിട്ടത്. രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് ചൂണ്ടിക്കാണിക്കുന്ന കണക്കുകളാണ് കേന്ദ്ര സർക്കാർ തന്നെ പുറത്തു വിട്ടിരിക്കുന്നത്. 2014-15 നെ അപേക്ഷിച്ചു തൊഴിലില്ലായ്മ 100 ശതമാനം വർധിച്ചു എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ വാർഷിക പീരിയോഡിക് ലേബർ ഫോർസ് സർവേയും സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ലേബർ ബ്യൂറോ വഴി നടത്തിയ സർവേയും സൂചിപ്പിക്കുന്നത്.

2013-14 വർഷം രാജ്യത്ത് 3.4 ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ നിരക്ക് രേഖപ്പെടുത്തിയിരുന്നതെങ്കിൽ അത് 2017-18 വർഷത്തിലെത്തിയപ്പോൾ 6 ശതമാനമായി വർധിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും വൻകിട വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ കുറഞ്ഞു വരുന്നതായും 2013 – 14 വർഷത്തിൽ 13.51 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 2017-18 വർഷത്തിൽ 10.88 ലക്ഷമായി കുറഞ്ഞതായും മന്ത്രി ലോക്സഭയിൽ നൽകിയ രേഖകൾ സൂചിപ്പിക്കുന്നു.

Tags
Back to top button