ദേശീയം (National)

ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണം : ശിവസേന

രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് തന്റെ വാദം ഉന്നയിച്ചത്.

ദില്ലി: കോഴിയിറച്ചിയും കോഴിമുട്ടയും വെജിറ്റേറിയൻ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് രാജ്യസഭയിൽ. ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്ന് പഠനങ്ങളിൽ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് തന്റെ വാദം ഉന്നയിച്ചത്.
‘ഒരിക്കൽ ഞാൻ നന്ദുർബാർ പ്രദേശത്ത് പോയപ്പോൾ അവിടുത്തെ ആദിവാസികൾ തനിക്ക് ആയുർവേദിക് ചിക്കൻ നൽകി. എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയുംവിധമാണ് അവർ ആയുർവേദ കോഴിയെ വളർത്തുന്നതെന്നും റാവത്ത് പറഞ്ഞു
മഞ്ഞളും പാലും ചേർത്തുള്ള പാനീയത്തിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ പാശ്ചാത്യലോകം അത് ശീലമാക്കുമ്പോൾ ഇന്ത്യക്കാർ അത് അവഗണിക്കുകയാണെന്നും റാവത്ത് ആരോപിച്ചു. പരാമർശത്തെ തുടർന്ന് സഞ്ജയ് റാവത്തിനെതിരെ സാമൂഹ്യമാധ്യമത്തിൽ പരിഹാസം തുടരുകയാണ്. ട്വിറ്ററിൽ എംപിയെ പരിഹസിച്ച് നിരവധിപേ ർ രംഗത്തെത്തി.

Tags
Back to top button