പൊലീസിനെ അതിരൂക്ഷമായി വിമ ർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ശബരിമലയിലെ വിവരങ്ങൾ പൊലീസ് ആർ.എസ്.എസിന് ചോർത്തി നൽകിയെന്നും സ്ത്രീകൾ പത്തനംതിട്ട ജില്ല കടക്കുന്നതിന് മുമ്പ് തന്നെ വിവരം ആർ.എസ്.എസ് നേതാക്കൾ അറിഞ്ഞുവെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുള്ളവർ എങ്ങനെ ക്രമസമാധാനം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശബരിമല ഡ്യൂട്ടിയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ വിട്ടുനിന്നതായി മുഖ്യമന്ത്രിയുടെ വിമർശനം. മനിതി സംഘമെത്തിയപ്പോൾ പൊലീസ് ഉത്തരവാദിത്വം മറന്നെന്നും പൊലീസുകാരുടെ യോഗത്തിൽ പിണറായി വിജയൻ പറഞ്ഞു.

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സർക്കാർ നിലപാടിന് ഒപ്പം നിൽക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥർ പലരും ഉത്തരവാദിത്തത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞു നിന്നു. പലപ്പോഴും നാറാണത്ത് ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പൊലീസെന്നും പിണറായി വിജയൻ പറഞ്ഞു.

പൊലീസുകാർ സർക്കാർ തീരുമാനത്തോടൊപ്പവും സംസ്ഥാന താൽപര്യത്തിന് ഒപ്പവുമാണ് നിൽക്കേണ്ടത്. നിങ്ങളിൽ ചിലർക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ശബരിമലയിലെ വിവരങ്ങൾ പൊലീസുകാരിൽ ചിലർ മതതീവ്രവാദികളെ അറിയിച്ചു. ഇത് പ്രശ്നങ്ങൾ ആളിക്കത്തിക്കാനിടയാക്കിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

കസ്റ്റഡി മരണത്തിന്റെ സാഹചര്യവും വിമർശന വിധേയമായി. പ്രതികളെ മർദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാർ കാണുന്നു എന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. കസ്റ്റഡിമർദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക.

കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി.
പെറ്റികേസുകളുടെ എണ്ണം കൂട്ടുന്നതല്ല പൊലീസിന്റെ ഉത്തരവാദിത്വമെന്നും പിണറായി വിജയൻ പൊലീസ് സേനയെ ഓർമ്മിപ്പിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button