സംസ്ഥാനം (State)

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു.

മന്ത്രിമാരായ കെ.ടി ജലീലിന്റേയും എ.കെ ബാലന്റേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മന്ത്രിമാരായ കെ.ടി ജലീലിന്റേയും എ.കെ ബാലന്റേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലയിൽ അധിക സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

അട്ടപ്പാടിയിൽ പോലീസ് ഏറ്റമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലുൾപ്പെടെ ആഭ്യന്തരവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്ത നടപടിയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചത്.

കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പോലീസ് പറയുന്നത്. പോലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കുകയാണെന്നായിരുന്നു അലന്റേയും താഹയുടേയും പ്രതികരണം.

Tags
Back to top button