നേത്ര ചികിത്സയ്ക്കെത്തിയ കുട്ടി മരിച്ചു, ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകൻ അനയ്(3)ആണ് മരിച്ചത്

നേത്ര ചികിത്സയ്ക്കെത്തിയ കുട്ടി മരിച്ചു. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാരോപിച്ച് ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായെത്തി ബന്ധുക്കൾ പ്രതിഷേധിച്ചു.

മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകൻ അനയ്(3)ആണ് മരിച്ചത്. ഇന്നലെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അനയ്യുടെ കണ്ണിന് പരുക്കേറ്റു. തുടർന്ന് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. അനസ്തേഷ്യ കൊടുത്തതിനെ തുടർന്ന് കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചത്.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് പ്രത്യേകസംഘം ഇന്ന് കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പരാതിയിൽ ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു.

Back to top button