ഇന്ത്യന്‍ പ്രധാനമന്ത്രി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് എതിര്‍ത്ത് ചൈന

ഇന്ത്യന്‍ പ്രധാനമന്ത്രി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് എതിര്‍ത്ത് ചൈന

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് എതിര്‍ത്ത് ചൈന ഭരണകൂടം. അതിര്‍ത്തി സംസ്ഥാനമായ ആരുണാചല്‍ തങ്ങളുടെ ഭാഗമാണെന്ന് ചൈന പലപ്പോഴായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അരുണാചലില്‍ ഇന്ത്യന്‍ നേതാക്കള്‍ എത്തുന്നത് വിഷയങ്ങള്‍ സങ്കീര്‍ണമാക്കുമെന്നാണ് ചൈന വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ചൈനയുടെ അവകാശവാദം രൂക്ഷമായ ഭാഷയില്‍ ഇന്ത്യ തള്ളിക്കളഞ്ഞു.

“അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഇന്ത്യയില്‍ നിന്ന് ഒരുതരത്തിലും വേര്‍പ്പെടുത്തി ചിന്തിക്കാന്‍ പോലും കഴിയില്ല. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നത് പോലെ അരുണാചലും സന്ദര്‍ശിക്കും. ഇത് ചൈനയോട് പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്” ഇന്ത്യന്‍ പ്രതിരോധവകുപ്പ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

അരുണാചല്‍ പ്രദേശില്‍ 4000 കോടിരൂപയുടെ പദ്ധതികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കൂടുതല്‍ റോഡുകള്‍ അരുണാചലില്‍ വികസിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈവേകള്‍ക്ക് പുറമെ റെയില്‍വേ, വിമാനത്താവളങ്ങള്‍ വൈദ്യുതി എന്നിവയും സംസ്ഥാനത്തേക്ക് കൂടുതലായി വികസിപ്പിക്കുമെന്നും മോദി പറഞ്ഞു.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ചൈന അംഗീകരിക്കുന്നില്ല. പശ്ചിമ ടിബറ്റ് എന്നാണ് ഈ ഭൂപ്രദേശത്തെ ചൈന വിശേഷിപ്പിക്കുന്നത്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെ 21 തവണ ഉദ്യോഗസ്ഥ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിക്കഴിഞ്ഞു.

Back to top button