ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ മൈക്കലിനെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന് ദുബൈ കോടതി

ക്രിസ്റ്റ്യന്‍ മൈക്കലിനെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന് ദുബൈ

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ മൈക്കലിനെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന് ദുബൈ കോടതി. വിവിഐപി ഹെലികോപ്റ്റർ കരാർ ഉറപ്പാക്കുന്നതിന് കൈക്കൂലി ഇടപാടുകൾക്കായി പ്രവർത്തിച്ചെന്നാണ് മൈക്കലിനെതിരെയുള്ള കേസ്. ഇന്ത്യക്ക് ഇയാളെ വിട്ടു കിട്ടുന്നതിനുള്ള നിയമപോരാട്ടം ദുബൈ കോടതിയിൽ നടന്നു വരികയായിരുന്നു.

അഗസ്ത വെസ്റ്റ്ലാൻഡിന്റെ മാതൃ കമ്പനിയായ ഫിൻമെക്കാനിക്കക്ക് വേണ്ടിയാണ് മൈക്കൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്. 3727 കോടി രൂപക്ക് 12 ഹെലികോപ്റ്ററുകൾക്കായുള്ള കരാറാണ് ഇന്ത്യ ഒപ്പിട്ടത്. കരാർ ലഭിക്കാൻ 375 കോടി രൂപ ഇന്ത്യൻ അധികൃതർക്ക് നൽകിയെന്ന കേസിൽ ഫിൻമെക്കാനിക്ക കമ്പനി അധികൃതരെ ഇറ്റാലിയൻ കോടതി ശിക്ഷിച്ചിരുന്നു. മുൻ ഇന്ത്യന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഇടപാടിന് നേതൃത്വം നൽകിയതായി സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട് ത്യാഗി 300 കോടി രൂപ കൈക്കൂലി വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. ത്യഗിയോടൊപ്പം അന്നത്തെ എയര്‍ മാര്‍ഷല്‍ ജെ.എസ് ഗുജറാള്‍, അഭിഭാഷകനായ ഗൗതം ഖെയ്ത്താന്‍, ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി എന്നിവരും അറസ്റ്റിലായിരുന്നു. 2007ൽ യുപിഎ സർക്കാരിന്റെ കാലത്താണ് രാഷ്‌ട്രപതി, പ്രധാനമന്ത്രി, എന്നിവർ അടക്കമുള്ളവർക്ക് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇറ്റാലിയൻ കമ്പനിയുമായി കരാർ ഒപ്പിട്ടത്.

Back to top button