സംസ്ഥാനം (State)

ഇടുക്കിയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥി മരിച്ചു.

അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ഇടുക്കിയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥി മരിച്ചു. ഇടുക്കി രാജകുമാരിയിലാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. രാജകുമാരി സ്വദേശി ജോജിൻ ഫ്രാൻസിസാണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് 4.35 നാണ് അപകടം സംഭവിച്ചത്. കോളജിലെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ജോജിനെ കൂട്ടിക്കൊണ്ട് പോകുന്നതിനായി രാജകുമാരിയിലെ ഒരു കടയിൽ ജോലിക്ക് നിൽക്കുന്ന നിതിൻ എത്തിയതായിരുന്നു. കോളജ് കോമ്പൗണ്ടിൽ നിന്നും ഇരുവരും ബൈക്കിൽ മെയിൻ റോഡിലേക്ക് ഇറങ്ങുന്നതിനിടെ റോഡിലൂടെ കടന്നുപോകുകയായിരുന്ന കാറിൽ അമിത വേഗതയിൽ ചെന്ന് ഇടിക്കുകയായിരുന്നു.

പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ ഇരിക്കുകയായിരുന്ന ജോജിൻ കാറിന്റെ ഗ്ളാസിൽ ചെന്ന് ഇടിച്ചതിനെത്തുടർന്ന് തലയിലും മുഖത്തും പരിക്കേറ്റു. നിതിനും ശരീരത്തിൽ പലയിടത്തും കാര്യമായ മുറിവുകളുണ്ട്.

അപകടത്തിൽ മുറിവേറ്റ ജോജിനെ ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരിച്ചത്. നിതിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

Tags
Back to top button