സംസ്ഥാനം (State)

സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിനെ മർദ്ദിച്ചതായി പരാതി.

ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദ്ദിച്ചത്

സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ പരാതി നൽകിയ യുവാവിനെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. മർദ്ദിച്ചത് ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് മർദ്ദനത്തിനിരയായ വൈത്തിരി സ്വദേശി ജോണ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് വൈത്തിരിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയ ഭർത്താവ് ജോണിനാണ് മർദ്ദനമേറ്റത്. ജോൺ ജോലി ചെയ്യുന്ന ബസ്സ് തടഞ്ഞു നിർത്തി ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ള സംഘം മർദ്ദിച്ചുവെന്നാണ് പരാതി. അച്ഛനെതിരെ പരാതി നൽകിയില്ലേ എന്ന് മർദ്ദിക്കുന്നതിനിടെ ജില്ലാ സെക്രട്ടറിയുടെ മകൻ പറഞ്ഞതായും ജോൺ പറയുന്നു.

യുവതി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പരാതി നൽകിയ ഭർത്താവിന് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരുക്കേറ്റ ഇയാൾ വൈത്തിരി താലുക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈത്തിരി പഞ്ചായത്ത് അംഗമായ എൽ.സി ജോർജിനെ അസഭ്യം പറഞ്ഞതാണ് മർദ്ദനത്തിന് കാരണമെന്നും ആരോപണമുണ്ട്.

അതേ സമയം, ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയവരെ കൈകാര്യം ചെയ്യുമെന്ന് വൈത്തിരി ഏരിയ സെക്രട്ടറി പൊതുയോഗത്തിൽ ഭീഷണമുഴക്കിയതിനു പിന്നാലെയാണ് ജോൺ മർദ്ദനത്തിനിരയായത്.

Tags
Back to top button