സംസ്ഥാനം (State)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം; എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സംഘർഷത്തിനിടെ പരുക്കേറ്റ ടി. ആർ രാകേഷ് എന്ന കെ.എസ്.യു പ്രവർത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 15 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിനിടെ പരുക്കേറ്റ ടി. ആർ രാകേഷ് എന്ന കെ.എസ്.യു പ്രവർത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പൊലീസിനെ ആക്രമിച്ചതിനും റോഡ് ഉപരോധിച്ചതിനും ഇന്നലെ അറുപത് പേർക്കെതിരെ കേസെടുത്തിരുന്നു. എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 30 പേർക്കെതിരെ കേസെടുത്തിരുന്നു.

ഇന്ന് വൈകിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. കെ.എം അഭിജിത്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. തനിക്ക് നേരെ നടന്നത് ക്രൂരമർദനമാണെന്ന് അഭിജിത്ത് പറഞ്ഞിരുന്നു. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധിച്ചിരുന്നു.

Tags
Back to top button